'അദ്ദേഹം പ്രതിപക്ഷത്തെ തീർക്കുന്ന തിരക്കിലാണ്'; കശ്മീർ ഭീകരാക്രമണത്തിൽ അമിത് ഷായെ വിമർശിച്ച് സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: ജമ്മു കശ്മീരിലെ കത്വ, ദോഡ ജില്ലകളിലുണ്ടായ ഭീകരാക്രമണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവുത്ത്. അമിത് ഷാ ആഭ്യന്തര മന്ത്രിയായ കാലയളവിലാണ് കശ്മീരിൽ ഏറ്റവും കൂടുതൽ സുരക്ഷാ സേനാംഗങ്ങളും സിവിലിയന്മാരും കൊല്ലപ്പെട്ടതെന്നും, അതേസമയം അമിത് ഷാ പ്രതിപക്ഷത്തെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിൽ തിരക്കിലാണെന്നുമായിരുന്നു റാവുത്തിന്‍റെ വിമർശനം.
'ഡൽഹിയിൽ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കശ്മീരിൽ 10 പേർ കൊല്ലപ്പെട്ടു. ഇന്ന് വീണ്ടും ഒരു സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. മന്ത്രിയെന്ന നിലയിലുള്ള തന്‍റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് പകരം പ്രതിപക്ഷത്തെ ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ തിരക്കിലാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ പരിശ്രമം ഭീകരവാദത്തെ അമർച്ച ചെയ്യാനുള്ള നടപടികളിലായിരുന്നെങ്കിൽ രാജ്യത്തിന് അത് നന്നായേനെ' -റാവുത്ത് പറഞ്ഞു.
എൻ.ഡി.എ സഖ്യകക്ഷികളായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു. 'മണിപ്പൂർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മാവോയിസ്റ്റുകൾ ആക്രമിച്ചു. അമിത് ഷാ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ രാജ്യം ഭീഷണിയിലാണ്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും അമിത് ഷായുടെ രാജി ആവശ്യപ്പെടണം. അവരുടെ പിന്തുണയുള്ളതുകൊണ്ടാണ് സർക്കാർ നിലനിൽക്കുന്നത്' -റാവുത്ത് പറഞ്ഞു.
ജമ്മു കശ്മീരിലെ കത്വ, ദോഡ ജില്ലകളിൽ നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ ഒരു സി.ആർ.പി.എഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദോഡ ജില്ലയിൽ ഭാദേർവ-പത്താൻകോട്ട് റോഡിലെ രാഷ്ട്രീയ റൈഫിൾസിന്റെയും പോലീസിന്റെയും സംയുക്ത ചെക്ക്‌പോസ്റ്റിൽ ചൊവ്വാഴ്ച രാത്രി ഭീകരർ ആക്രമണം നടത്തുകയായിരുന്നു. കത്വ ജില്ലയിൽ, പുലർച്ചെ മൂന്ന് മണിയോടെ ഭീകരർ നടത്തിയ വെടിവയ്പിൽ സി.ആർ.പി.എഫ് ജവാൻ കബീർ ദാസിന് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.