ബംഗ്ലാദേശിലെ 'പാബ്ലോ എസ്കോബാർ'; കൊൽക്കത്തയിൽ കൊല്ലപ്പെട്ട എം.പിക്കെതിരെ നിരവധി കേസുകൾ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി അൻവാറുൽ അസീം അനാർ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നുവെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായെങ്കിലും രാഷ്ട്രീയത്തിലേക്ക് എത്തിയതോടെ ഇതിൽ പല കേസുകളും ഇല്ലാതായെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് തവണ എം.പിയായ അവാമി പാർട്ടി അംഗം ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചിരുന്നു.
ചെറുപ്രായത്തിൽ തന്നെ കള്ളക്കടത്ത് തുടങ്ങിയ എം.പിക്കെതിരെ ഇന്റർപോൾ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. 2008ലാണ് നിരവധി ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് എം.പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
1986ലാണ് പ്രാദേശിക ക്രിമിനലുകളുമായി ചേർന്ന് തന്റെ സാമ്രാജ്യത്തിന് എം.പി തുടക്കം കുറിക്കുന്നത്. 1990കളിൽ അതിർത്തികൾ വഴിയുള്ള മയക്കുമരുന്ന് കച്ചവടത്തിന്റെ പ്രധാന സൂത്രധാരനായി അസീം അനാർ മാറി. മയക്കുമരുന്നുമായി എത്തുന്ന ലോറികൾക്ക് അസീം അനാർ പ്രത്യേക ടോക്കൺ നൽകുമായിരുന്നു. ഈ ടോക്കണുള്ള ലോറികളെ പൊലീസ് തടയില്ലാായിരുന്നു.
1993ലായിരുന്നു അനാറിന്റെ രാഷ്ട്രീയപ്രവേശനം. മുൻസിപ്പൽ കമീഷണറായി രാഷ്ട്രീയജീവിതം തുടങ്ങിയ അനാർ അതിന് ശേഷം കള്ളക്കടത്തിന്റെ രീതിയും മാറ്റി. ആയുധക്കച്ചവടത്തിലും സ്വർണ്ണക്കടത്തിലുമായി പിന്നീട് ഇയാളുടെ ശ്രദ്ധ. മുൻസിപ്പൽ കമീഷണർ പദവിയിൽ നിന്നും പടിപടിയായി ഉയർന്ന അസീം അനാർ എം.പി വരെ ആയെങ്കിലും സ്വർണ്ണക്കടത്ത് ഒഴിവാക്കിയിരുന്നില്ല. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അസീം അനാറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതേസമയം, കൊൽക്കത്തയിൽ ചികിത്സക്കെത്തിയതിന് പിന്നാലെ കൊല്ലപ്പെട്ട അവാമി ലീഗ് എം.പി എം.ഡി. അൻവാറുൽ അസിം അനാർ ഹണി ട്രാപ്പിനിരയായതായി പൊലീസ് അറിയിച്ചിരുന്നു.. സംഭവത്തിൽ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയിൽ പൊലീസ് പിടികൂടി. ഷീലാന്തി റഹ്മാൻ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ ഷഹിൻറെ പെൺസുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട അൻവാറുൽ അസിമിന്‍റെ സുഹൃത്തായ അക്തറുസ്സമാൻ ഷഹിൻ യു.എസ് പൗരത്വമുള്ളയാളാണ്. കൊൽക്കത്തയിൽ അക്തറുസ്സമാൻ ഷഹിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽവെച്ചാണ് എം.പി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. കൊലപാതകം നടക്കുമ്പോൾ ഷീലാന്തി കൊൽക്കത്തയിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നിർവഹിച്ച അമാനുല്ല അമാൻ എന്നയാളോടൊപ്പം ഇവർ സംഭവത്തിന് പിന്നാലെ ധാക്കയിലേക്ക് പോകുകയായിരുന്നു. അൻവാറുൽ അസിമിനെ കൊൽക്കത്തയിലേക്ക് എത്തിക്കാൻ ഷീലാന്തിയെ ഉപയോഗിച്ച് അക്തറുസ്സമാൻ ഷഹിൻ ഹണി ട്രാപ്പ് ഒരുക്കിയെന്ന് പൊലീസ് പറയുന്നു. അഞ്ച് കോടി രൂപ അക്തറുസ്സമാൻ പ്രതിഫലമായി നൽകിയെന്നാണ് സൂചന.
അൻവാറുൽ അസിമിനെ കൊലപ്പെടുത്തിയ ശേഷം കശാപ്പുകാരനെ വെച്ച് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. തൊലിയുരിച്ച് മാറ്റുകയും ചെയ്തു. ശേഷം മൃതദേഹ ഭാഗങ്ങൾ കൊൽക്കത്തയിൽ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്നയാളെ അറസ്റ്റുചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.