20 രൂപ കൊടുത്ത് പതാക വാങ്ങാത്തവർക്ക് റേഷനില്ല -വിഡിയോ വിവാദമായപ്പോൾ കടയുടെ ലൈസൻസ് റദ്ദാക്കി
text_fieldsകർണാൽ: റേഷൻ വാങ്ങാനെത്തുന്നവരിൽ നിന്ന് നിർബന്ധിച്ച് 20 രൂപ ഈടാക്കി ത്രിവർണ പതാക വാങ്ങിപ്പിക്കുകയാണെന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ വെട്ടിലായ അധികൃതർ കടയുടെ ലൈസൻസ് റദ്ദാക്കി. വാങ്ങാത്തവരെ അരിയും ധാന്യങ്ങളും നൽകില്ലെന്ന് ഭീഷണിയുമുണ്ട്. ഹരിയാനയിലെ കർണാലിലെ ഒരു ന്യൂസ് പോർട്ടൽ ആണ് റെക്കോർഡ് ചെയ്ത വിഡിയോ പുറത്തുവിട്ടത്.
റേഷൻ സാധനങ്ങൾ വാങ്ങാനെത്തുന്നവർ നിർബന്ധമായി 20 രൂപക്ക് പതാക വാങ്ങി അവരുടെ വീട്ടിൽ വയ്ക്കണമെന്ന് തങ്ങൾക്ക് നിർദേശം ലഭിച്ചിരുന്നതായി റേഷൻ ഡിപ്പോയിലെ ജീവനക്കാരനായി തോന്നിക്കുന്ന വീഡിയോയിലുള്ള ഒരാൾ പറയുന്നു.പതാക വാങ്ങാൻ വിസമ്മതിക്കുന്ന ആർക്കും റേഷൻ നൽകരുതെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അധികൃതരുടെ നിർദേശപ്രകാരം അങ്ങനെ ചെയ്യാൻ നിർബന്ധിതരായിരിക്കയാണെന്നും അയാൾ തുടർന്നു പറയുന്നുണ്ട്.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് റേഷൻ കടയുടമക്കെതിരെ കേസെടുത്തതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വിവരമറിയിക്കണമെന്നും ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ സൗകര്യത്തിനായാണ് റേഷൻ കടകളിലൂടെ ദേശീയ പതാക വിൽക്കാൻ തീരുമാനിച്ചതെന്നും ആവശ്യമുള്ളവർക്ക് വാങ്ങാമെന്നും കമ്മീഷണർ വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാവപ്പെട്ടവരെ നിർബന്ധിച്ച് ദേശീയ പതാക വാങ്ങിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.പി വരുൺ ഗാന്ധി രംഗത്തുവന്നിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കാനുള്ള തന്റെ സർക്കാരിന്റെ നടപടി പാവപ്പെട്ടവർക്ക് ഭാരമാകുന്നത് ലജ്ജാകരമാണ് എന്നായിരുന്നു ഇതിന്റെ വിഡിയോ പങ്കുവെച്ച് വരുൺ ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.