'എം.എൽ.എമാരെ വാങ്ങാം, എന്നാൽ തൃണമൂൽ കോൺഗ്രസിനെ വാങ്ങാമെന്ന് വ്യാമോഹിക്കേണ്ട' - അമിത് ഷാക്ക് മമതയുടെ മറുപടി
text_fieldsകൊൽക്കത്ത: സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ഇടപെടലുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദർശനം നടന്ന് കൃത്യം ഒരാഴ്ചക്ക് ശേഷം ബി.ജെ.പിയെ കടന്നാക്രമിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
നൊബേൽ ജേതാവ് രവീന്ദ്ര നാഥ് ടാഗോൾ സ്ഥാപിച്ച വിശ്വ ഭാരതി സർവകലാശാല സ്ഥിതി ചെയ്യുന്ന നഗരമായ ഭോൽപൂരിലായിരുന്നു അമിത് ഷാ റാലി നടത്തിയത്. ഭോൽപൂരിൽ തന്നെ വമ്പൻ റാലിയും നാല് കിലോമീറ്റർ ദൂരത്തിൽ റോഡ്ഷോയും നടത്തിയാണ് മമത ബി.ജെ.പിക്ക് മറുപടി നൽകിയത്.
ഏറ്റവും മോശമായ കുറച്ച് എം.എൽ.എമാരെ വാങ്ങിയത് കൊണ്ട് തൃണമൂൽ കോൺഗ്രസിനെയങ്ങ് വാങ്ങിക്കളയാമെന്ന് വ്യാമോഹിക്കേണ്ടെന്ന് മമത ഷായെ ഓർമിപ്പിച്ചു. മുൻമന്ത്രി സുവേന്ദു അധികാരിയടക്കം ഏഴ് എം.എൽ.എമാർ പാർട്ടി വിട്ടതിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു അവർ.
പുറത്തുനിന്നുള്ളവരുടെ പാർട്ടിയെന്ന് ബി.ജെ.പിയെ വിശേഷിപ്പിച്ച മമത അവർ വിദ്വേഷ-വ്യാജ രാഷ്ട്രീയം ഇറക്കുമതി ചെയ്യുകയാണെന്നും പറഞ്ഞു.
'മഹാത്മാ ഗാന്ധിയെയും രാജ്യത്തിന്‍റെ മറ്റ് നേതാക്കൻമാരെയും ബഹുമാനിക്കാത്തവരാണ് സുവർണ ബംഗാൾ പണിയുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ബംഗാൾ ഇതിനകം സുവർണ്ണമാണ്, രവീന്ദ്രനാഥ ടാഗോർ തന്‍റെ ഗാനത്തിൽ ഇത് എഴുതിയിട്ടുണ്ട്. ബി.ജെ.പിയുടെ സാമുദായിക ആക്രമണത്തിൽ നിന്ന് നാടിനെ സംരക്ഷിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ കടമ' -മമത പറഞ്ഞു.
വിശ്വ ഭാരതി വൈസ് ചാൻസലർ വിദ്യുത് ചക്രവർത്തി ബി.ജെ.പിയുടെ റബ്ബർ സ്റ്റാംപാണെന്നും മമത പരിഹസിച്ചു. ഭിന്നിപ്പിന്‍റെ സാമുദായിക രാഷ്ട്രീയം കാമ്പസിനുള്ളിൽ ഇറക്കുമതി ചെയ്ത് വിശുദ്ധസ്ഥാപനത്തിന്‍റെ സമ്പന്നമായ പൈതൃകം നശിപ്പിക്കാൻ അദ്ദേഹം പദ്ധതിയിടുന്നതായും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.