രണ്ട് ബാറ്ററി വാങ്ങിയ കുറ്റത്തിന് പേരറിവാളൻ ജയിലായിട്ട് ഇന്നേക്ക് 27 വർഷം
text_fieldsചെന്നൈ: രണ്ട് ബാറ്ററി വാങ്ങിയ കുറ്റത്തിന് പേരറിവാളൻ ജയിൽ വാസം അനുഭവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 27 വർഷം തികഞ്ഞു. 19 വയസ്സിൽ ജയിലടക്കപ്പെട്ട പേരറിവാളൻ ജയിലിന് പുറത്ത് ചെലവിട്ടതിനേക്കാൾ എട്ടു വർഷങ്ങൾ കൂടുതൽ ജയിലിനകത്താണ് ചെലവിട്ടത്. രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ പേരറിവാളനെ 1991 ജൂൺ 11നാണ് ചോദ്യം ചെയ്തതിന് ശേഷം പിറ്റേദിവസം തന്നെ വിട്ടയക്കാമെന്ന ഉറപ്പിൽ മാതാപിതാക്കൾ പൊലീസിന്‍റെ കൈകളിലേൽപ്പിച്ചത്. ഈ 27 വർഷങ്ങൾക്ക് ശേഷവും ആ പിതാവും മാതാവും കാത്തിരിക്കുന്നു, മകന്‍റെ തിരിച്ചുവരവിനായി.
പേരറിവാളൻ അഥവാ അറിവ് എന്ന 46കാരൻ ഇന്ന് തമിഴ്നാട്ടിലെ കൊച്ചുകുട്ടിക്കുപോലും സുപരിചിതമായ പേരാണ്. 1991ൽ രാജീവ്ഗാന്ധി വധിക്കപ്പെട്ടതിനുശേഷം തമിഴ്നാട്ടിൽ ഭീകരാവസ്ഥ തന്നെയായിരുന്നു പ്രത്യേക അന്വേഷണ സംഘം സൃഷ്ടിച്ചത്. ഏറെ നാളത്തേക്ക് അമ്മ അർപ്പുതമ്മാളിന് പോലും അറിവിനെ കാണാൻ കഴിഞ്ഞില്ല. ഏകദേശം 59 ദിവസങ്ങളോളം അറിവ് എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. മകൻ പൊലീസ് കസ്റ്റഡിയിലാണെന്ന് ലോകം അറിയുമ്പോഴുണ്ടാകുന്ന മാനഹാനിയോർത്ത് കുടുംബം ഹേബിയസ് കോർപ്പ്സ് നൽകാനും മടിച്ചു. ഇന്നുവരും നാളെവരും എന്നുതന്നെയായിരുന്നു അവരുടെ പ്രതീക്ഷ. ഇത്രയും വലിയ ഒരു ശിക്ഷ അവനെക്കാത്ത് ഇരിക്കുന്നതായി സ്വപ്നത്തിൽ പോലും അവർ പ്രതീക്ഷിച്ചില്ല. ഇന്ത്യയുടെ നിയമവ്യവസ്ഥയിലായിരുന്നു അവരുടെ പ്രതീക്ഷ. ഒരു നിരപരാധിയേയും നിയമം ശിക്ഷിക്കില്ലെന്ന് അവർ കണ്ണുമടച്ച് വിശ്വസിച്ചു. മകൻ ജയിലിലായി 27 വർഷങ്ങൾക്കുശേഷവും അവർ ആ പ്രതീക്ഷ കൈവിട്ടിട്ടില്ല എന്നതാണ് സത്യം.
രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബെൽറ്റ് ബോംബ് പൊട്ടിക്കാനുപയോഗിച്ച 9വോൾട്ട് ബാറ്ററി വാങ്ങിച്ചുനൽകിയത് അറിവാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ചെറിയ പെട്ടിക്കടയിൽ നിന്ന് ആർക്കും ലഭിക്കാവുന്ന ബാറ്ററി വാങ്ങിയ പയ്യനെ മാസങ്ങൾക്ക് ശേഷവും കടയുടമ ഓർത്തിരുന്നുവെന്നത് അദ്ഭുതം തോന്നാം. മാത്രമല്ല, അറസ്റ്റ് ചെയ്ത് മാസങ്ങൾക്ക് ശേഷം പൊലീസ് അറിവിന്‍റെ പോക്കറ്റിൽ നിന്നും ഇതിന്‍റെ ബില്ല് കണ്ടെടുക്കാൻ കഴിഞ്ഞു എന്നത് അതിലും വലിയ അദ്ഭുതമായി നിലനിൽക്കുന്നു.
വധക്കേസ് കേസ് ടാഡ നിയമപ്രകാരമായിരുന്നു രജിസ്റ്റർ ചെയ്തത്. മൂന്നാംമുറകളുപയോഗിച്ച് അറിവിൽ നിന്നും പൊലീസ് എഴുതി ഒപ്പിടുവിച്ച കുറ്റസമ്മത മൊഴി അറിവിനെതിരെയുള്ള ആയുധമായി ഉപയോഗിക്കപ്പെട്ടു. എന്നാൽ, ആ കുറ്റസമ്മത മൊഴിയിൽ താൻ കൃത്രിമം കാണിച്ചുവെന്ന് സി.ബി.ഐ എസ്.പി ത്യാഗരാജൻ തന്നെ പിന്നീട് വെളിപ്പെടുത്തി. ശിവരശന് താൻ നൽകിയ ബാറ്ററി അയാൾ എന്തിനാണ് ഉപയോഗിക്കുക എന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല എന്ന കാര്യം അറിവ് പറഞ്ഞിരുന്നുവെങ്കിലും താനത് മനപ്പൂർവം ഒഴിവാക്കുകയായിരുന്നുവെന്ന് ത്യാഗരാജൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. 9 വോൾട്ട് ബാറ്ററി വാങ്ങി നൽകിയത് വധശിക്ഷ അർഹിക്കുന്ന കുറ്റമല്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എൽ.ടി.ടി.ഇ നേതാവ് പൊട്ടു അമ്മനും ശിവരശനും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിൽ നിന്ന് തങ്ങൾ മൂന്ന് പേർക്കല്ലാതെ മറ്റാർക്കും വധ ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്ന് പറയുന്ന വയർലെസ് സന്ദേശവും പിടിച്ചെടുത്തിരുന്നു. എന്നിട്ട് അറിവിന്‍റെ പേരിൽ സി.ബി.ഐ ചാർത്തിനൽകിയ കുറ്റം മാത്രം ഇപ്പോഴും നിലനിൽക്കുന്നു.
ജയിലിലടക്കപ്പെട്ട് 25 വർഷങ്ങൾക്ക് ശേഷം സി.ബി.ഐയുടെ ഉദ്യോഗസ്ഥൻ തന്നെ കുറ്റസമ്മതമൊഴി വിശ്വാസ്യത ചോദ്യം ചെയിതിരിക്കുന്നു. പക്ഷെ കുറ്റവാളിയെന്ന് വിളിക്കപ്പെട്ട് ആ നിരപരാധി ഇപ്പോഴും അഴികൾക്കുള്ളിൽ കഴിയുന്നു. ഇനിയുള്ള വർഷങ്ങളെങ്കിലും അറിവിന് മടക്കി കിട്ടുമോ എന്ന ചോദ്യം മാത്രമാണ് ഇപ്പോഴും ബാക്കിനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.