ചന്നപട്ടണ, സന്ദൂർ, ഷിഗാവ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്
text_fieldsബംഗളൂരു: കർണാടകയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ്, എൻ.ഡി.എ സ്ഥാനാർഥികൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്.
മുൻ മുഖ്യമന്ത്രിയും കേന്ദ്ര ഉരുക്ക്-വൻകിട വ്യവസായ മന്ത്രിയുമായ ജെ.ഡി.എസ് കർണാടക അധ്യക്ഷൻ എച്ച്.ഡി. കുമാര സ്വാമി എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ചന്നപട്ടണ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് എൻ.ഡി.എ സ്ഥാനാർഥി. ബി.ജെ.പിയിൽ നിന്ന് എം.എൽ.സി സ്ഥാനം രാജിവെച്ച് കോൺഗ്രസിലെത്തിയ സി.പി. യോഗേശ്വറാണ് എതിരാളി.
മൂന്ന് മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധേയ പ്രചാരണം കാഴ്ചവെച്ചത് ചന്നപട്ടണയാണ്. നവതിയും കടന്ന പ്രായത്തിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ തന്റെ പേരക്കുട്ടിക്കായി വേദികളിലും അണിയറയിലും സജീവമായി. "ഡി.കെ. ശിവകുമാർ ചന്നപട്ടണയിൽ എന്റെ മകനെ (കുമാരസ്വാമി) പരാജയപ്പെടുത്താൻ ശ്രമിച്ചു. നടന്നില്ല. ഇപ്പോൾ പേരമകനെയും (നിഖിൽ). എന്റെ ജീവനുള്ള കാലം അത് നടക്കില്ല" -91 വയസ്സിന്റെ അലട്ടില്ലാതെ പ്രചാരണങ്ങളിൽ ഇങ്ങനെ പറഞ്ഞായിരുന്നു ഗൗഡ വോട്ടർമാരുടെ മനസ്സിളക്കിയത്. അദ്ദേഹത്തിന്റെ മറ്റൊരു പേരക്കുട്ടി പ്രജ്വൽ രേവണ്ണ കൂട്ട ബലാത്സംഗ കേസിൽ സുപ്രീംകോടതി വരെ ജാമ്യം നിഷേധിച്ച് ബംഗളൂരു സെൻട്രൽ ജയിലിലാണ്.
മുൻമുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയും കുമാര സ്വാമിയും ഉൾപ്പെടെ എൻ.ഡി.എയുടെ മുൻനിര നേതാക്കൾ നിഖിലിന്റെ പ്രചാരണത്തിന് എത്തിയിരുന്നു. കലാശക്കൊട്ട് യോഗത്തിൽ നിഖിലിന്റെ ഭാര്യ രേവതിയും വോട്ടഭ്യർഥിച്ചു.മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായിരുന്നു കോൺഗ്രസിന്റെ യോഗേശ്വറിനു വേണ്ടിയുള്ള പ്രചാരണത്തിലെ മുഖ്യന്മാർ. മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ലോക്സഭ അംഗമായതിനെത്തുടർന്ന് എം.എൽ.എ പദവി രാജിവെച്ച ഒഴിവിലാണ് ഷിഗാവിൽ തെരഞ്ഞെടുപ്പ്.
ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മെയാണ് എൻ.ഡി.എ സ്ഥാനാർഥി. കോൺഗ്രസിന്റെ യാസിർ അഹമ്മദ് ഖാനാണ് എതിരാളി. കോൺഗ്രസിന്റെ ഇ. തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് സന്ദൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസ് സ്ഥാനാർഥി അന്നപൂർണ, തുക്കാറാമിന്റെ ഭാര്യയാണ്. ബംഗാര ഹനുമന്തയ്യയാണ് എൻ.ഡി.എ സ്ഥാനാർഥി.
ചന്നപട്ടണ
നിഖിൽ കുമാര സ്വാമി (എൻ.ഡി.എ)
സി.പി. യോഗേശ്വർ (കോൺഗ്രസ്)
ഷിഗാവ്
ഭരത് ബൊമ്മൈ (എൻ.ഡി.എ)
അഹ്മദ് ഖാൻ (കോൺഗ്രസ്)
സന്ദൂർ
അന്നപൂർണ തുറക്കാം (കോൺഗ്രസ്)
ബംഗാര ഹനുമന്തയ്യ (എൻ.ഡി.എ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.