മൂന്നു ലോക്സഭ സീറ്റുകളിലേക്കും 29 നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് സമാധാനപരം
text_fieldsന്യൂഡൽഹി: വിവിധയിടങ്ങളിലേക്ക് ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പ് സമാധാനപരം. മൂന്നു ലോക്സഭ സീറ്റുകളിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭ സീറ്റുകളിലേക്കുമായിരുന്നു വോട്ടെടുപ്പ്. ദാദ്ര-നാഗർഹവേലി, ഹിമാചലിലെ മാണ്ഡി, മധ്യപ്രദേശിലെ ഖണ്ട്വ എന്നീ ലോക്സഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് ആറിന് സമാപിച്ചു. ദാദ്ര- നാഗർഹവേലി ലോക്സഭ മണ്ഡലത്തിൽ വൈകീട്ട് അഞ്ചുവരെ 67 ശതമാനമാണ് പോളിങ്. ഏഴുതവണ സ്വതന്ത്ര എം.പിയായിരുന്ന മോഹൻ ദേൽകറിെൻറ വിയോഗത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് ഇദ്ദേഹത്തെ മുംബൈയിലെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മേഘാലയയിലെ മൂന്നു നിയമസഭ സീറ്റുകളിൽ വൈകീട്ട് വരെ 64 ശതമാനമാണ് പോളിങ്.
കർണാടകയിലെ സിന്ദ്ജി, ഹങ്കൽ നിയമസഭ സീറ്റുകളിൽ വൈകീട്ട് മൂന്നുവരെ 56.78 ശതമാനം, ഹരിയാനയിലെ ഇല്ലനബാദ് സീറ്റിൽ വൈകീട്ട്അഞ്ചുവരെ 73 ശതമാനം, രാജസ്ഥാനിലെ ധരിയാവാദ്, വല്ലഭ്നഗർ എന്നിവിടങ്ങളിൽ വൈകീട്ട് അഞ്ചുവരെ 65 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്.
ഇവിടങ്ങളിലെ എം.പിമാർ മരിച്ചതിനെ തുടർന്നാണിത്. അസമിലെ അഞ്ച്, പശ്ചിമബംഗാളിലെ നാല്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ മൂന്നുവീതം, ബിഹാർ, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ രണ്ടുവീതം, ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം, തെലങ്കാന എന്നിവിടങ്ങളിലെ ഒന്നുവീതം എന്നിങ്ങനെ ആകെ 29 നിയമസഭ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബർ രണ്ടിനാണ് വോട്ടെണ്ണൽ. കോവിഡ് സാഹചര്യത്തിൽ നാമനിർദേശപത്രിക നടപടിക്രമങ്ങൾ നിരോധിക്കൽ അടക്കം നിരവധി നിയന്ത്രണങ്ങൾ കമീഷൻ ഏർപ്പെടുത്തിയിരുന്നു. നാഗാലാൻഡിലെ ഷമേഗാട്ടർ ചെസോർ നിയമസഭ മണ്ഡലത്തിൽ നാഷനൽ ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി സ്ഥാനാർഥിയായ എസ്. കിയോഷു യിംചുങ്കർ എതിരില്ലാതെ നേരത്തേ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.