യു.പിയിലെ തിരിച്ചടിക്ക് രാജ്യസഭ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകാൻ ബി.ജെ.പി
text_fieldsലഖ്നോ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് രാജ്യസഭ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകാൻ തന്ത്രമൊരുക്കി ബി.ജെ.പി. ജയം നിർണയിക്കുന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി)യുടെ നാലു വോട്ട് ഉറപ്പാക്കിയതോടെ ബി.ജെ.പി പത്തിൽ എട്ടുപേരുടെയും ജയം ഉറപ്പാക്കുക മാത്രമല്ല, പ്രതിപക്ഷ വോട്ട് ഭിന്നിപ്പിച്ച് ഒമ്പതാമനെ ജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.
403 അംഗ നിയമസഭയിൽ ബി.ജെ.പി സഖ്യത്തിന് 324 എം.എൽ.എമാരുണ്ട്, എട്ടുപേരെ ജയിപ്പിക്കാനുള്ള ഭൂരിപക്ഷം. 37 അംഗങ്ങളുടെ വോട്ടാണ് ജയിക്കാൻ വേണ്ടത്. നാലംഗങ്ങളുള്ള സഖ്യകക്ഷിയായ എസ്.ബി.എസ്.പിയുടെ പിന്തുണയും മറ്റ് പാർട്ടികളിൽനിന്ന് കൂറുമാറിയുള്ള വോട്ടും കിട്ടിയാൽ ഒരാളെ കൂടി ജയിപ്പിക്കാം. ഇത് മുന്നിൽ കണ്ടാണ് ബി.ജെ.പി ഒമ്പതാമത്തെ സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നത്. രാജ്യസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച നടന്ന സമാജ്വാദി പാർട്ടി(എസ്.പി) യോഗത്തിൽനിന്ന് ഏഴ് എം.എൽ.എമാർ വിട്ടുനിന്നത് അമിത്ഷായുടെ രാഷ്ട്രീയനീക്കങ്ങളെതുടർന്നാണെന്ന് സൂചനയുണ്ട്.
47 അംഗങ്ങളുള്ള എസ്.പിക്ക് തങ്ങളുടെ സ്ഥാനാർഥിയെ ജയിപ്പിക്കാം. ബഹുജൻ സമാജ് പാർട്ടി(ബി.എസ്.പി)യുടെ നില പരുങ്ങലിലാണ്. എസ്.പി ജയ ബച്ചനെയും ബി.എസ്.പി ഭീംറാവു അംബേദ്കറെയുമാണ് മത്സരിപ്പിക്കുന്നത്. ബി.എസ്.പിക്ക് 19 എം.എൽ.എമാരുണ്ട്, ജയത്തിന് 18 വോട്ടിെൻറ കുറവ്. എസ്.പിയുമായുള്ള ധാരണയിലാണ് മായാവതിയുടെ കണ്ണ്. എസ്.പിയുടെ അധികമുള്ള പത്തു വോട്ട് ബി.എസ്.പിക്ക് ലഭിക്കും.
കോൺഗ്രസിെൻറ ഏഴു വോട്ടും ആർ.എൽ.ഡിയുടെ ഒരു വോട്ടും ലഭിച്ചാൽ മായാവതിയുടെ സ്ഥാനാർഥി ഭീംറാവു അംബേദ്കർക്ക് രാജ്യസഭയിലെത്താം. ഇൗയിടെ എസ്.പി വിട്ട് ബി.ജെ.പിയിൽ ചേർന്ന നരേഷ് അഗർവാളിെൻറ മകൻ നിതിൻ അഗർവാൾ എസ്.പി എം.എൽ.എയാണ്. രാജ്യസഭ തെരഞ്ഞെടുപ്പിൽ തെൻറ മകൻ ബി.െജ.പിക്ക് വോട്ടുചെയ്യുമെന്ന നരേഷിെൻറ പ്രഖ്യാപനം മായാവതിയുടെ പ്രതീക്ഷക്ക് മങ്ങലേൽപിച്ചിരിക്കുകയാണ്. നിതിൻ ബി.ജെ.പിക്ക് വോട്ടുചെയ്താൽ മായാവതിക്ക് ജയസംഖ്യ തികക്കാനാകില്ല.
യോഗി ആദിത്യനാഥ് സർക്കാറിെൻറ ഒന്നാം വാർഷികം ബഹിഷ്കരിച്ച് ഇടഞ്ഞുനിൽക്കുകയായിരുന്നു ബി.ജെ.പി സഖ്യകക്ഷിയായ എസ്.ബി.എസ്.പി. കഴിഞ്ഞദിവസം പാർട്ടി പ്രസിഡൻറും യു.പി മന്ത്രിയുമായ ഒാം പ്രകാശ് രാജ്ഭർ ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുമായി ചർച്ച നടത്തിയതോടെയാണ് മഞ്ഞുരുകിയത്. തങ്ങളുടെ എം.എൽ.എമാർ ബി.ജെ.പിയെ പിന്തുണക്കുമെന്ന് ഒാം പ്രകാശ് പ്രഖ്യാപിച്ചു. ഏപ്രിൽ പത്തിന് ലഖ്നോയിലെത്തുന്ന അമിത് ഷാ തർക്കം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായി ഒാം പ്രകാശ് പറഞ്ഞു.
ബി.ജെ.പിയുമായി ഇടഞ്ഞ എസ്.ബി.എസ്.പി പ്രസിഡൻറ്, തങ്ങളുടെ നാല് എം.എൽ.എമാർ രാജ്യസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിരുന്നു. മഥുരയിലും കാശിയിലും ക്ഷേത്രം പണിഞ്ഞതുകൊണ്ട് പാവപ്പെട്ടവർക്ക് വിദ്യാഭ്യാസവും കക്കൂസും പെൻഷനും കിട്ടില്ല എന്നാണ് ഒാം പ്രകാശ് തുറന്നടിച്ചത്. ‘‘ഞങ്ങൾ സഖ്യകക്ഷിയാണ്. അതേസമയം, ബി.ജെ.പിയെ താങ്ങുകയല്ല സഖ്യകക്ഷിയുടെ ധർമം’’ -അദ്ദേഹം പറഞ്ഞു. പ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് അമിത് ഷാ ഇടപെട്ട് ചർച്ച ഒരുക്കിയത്.
245 അംഗ രാജ്യസഭയിൽ യു.പിയിൽനിന്ന് 31 അംഗങ്ങളാണുള്ളത്. 83 അംഗങ്ങളുള്ള എൻ.ഡി.എക്ക് സഭയിൽ ഭൂരിപക്ഷമില്ല. 58 എം.പിമാരുള്ള ബി.ജെ.പിക്ക് അതുകൊണ്ടുതന്നെ യു.പി രാജ്യസഭ തെരഞ്ഞെടുപ്പ് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.