പൗരത്വ ഭേദഗതി നിയമം ചരിത്രപര സാഹചര്യവും സമകാലിക യാഥാർഥ്യങ്ങളും അടിസ്ഥാനമാക്കി -ഇന്ത്യ യു.എന്നിൽ
text_fieldsജനീവ: ചരിത്രപരമായ സാഹചര്യവും സമകാലിക യാഥാർഥ്യങ്ങളും കണക്കിലെടുത്ത് രൂപപ്പെടുത്തിയതാണ് പൗരത്വ ഭേദഗതി നിയമം (സി.എ.എ) എന്നും നിയന്ത്രിതവും സൂക്ഷ്മദൃക്കോടെയുമുള്ള നിയമമാണിതെന്നും ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയുടെ വിശദീകരണം. മേഖലയിൽ പീഡനങ്ങളേറ്റുവാങ്ങുന്ന ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിൽ തങ്ങൾക്കുള്ള പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.
ജനീവയിൽ നടക്കുന്ന ഇന്ത്യയിലെ മനുഷ്യാവകാശ രേഖകളുടെ അവലോകന യോഗത്തിൽ, സി.എ.എ സംബന്ധിച്ച് ചില അംഗരാജ്യങ്ങൾ ആശങ്ക ഉന്നയിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ വിശദീകരണം. പൗരത്വവുമായി ബന്ധപ്പെട്ട് മറ്റെവിടെയും നിലനിൽക്കാറുള്ള നിയമങ്ങൾക്കു സമാനമാണ് സി.എ.എ എന്നും ഇന്ത്യൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചു.
''ഈ നിയമത്തിൽ പറയുന്ന മാനദണ്ഡം ഇന്ത്യക്കും അയൽരാജ്യങ്ങൾക്കുമുള്ളതാണ്. ആറ് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ സമൂഹങ്ങളെയാണ് ഇത് ലക്ഷ്യംവെക്കുന്നത്. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന്, മതപീഡനം കാരണം ഇന്ത്യയിലേക്ക് കുടിയേറിയവരും പൗരത്വം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരുമായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് പൗരത്വം നൽകുക'' -തുഷാർ മേത്ത വിശദീകരിച്ചു. ഏതെങ്കിലും ഒരു ഇന്ത്യക്കാരന്റെ പൗരത്വം ഇല്ലാതാക്കാനോ പൗരത്വവുമായി ബന്ധപ്പെട്ട നിലവിലെ നടപടിക്രമങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താനോ ആഗ്രഹിക്കുന്നില്ലെന്നും സോളിസിറ്റർ ജനറൽ കൂട്ടിച്ചേർത്തു.
കൂടാതെ, രാജ്യത്ത് സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് എല്ലാ പൗരന്മാർക്കും ഭരണഘടന അവകാശം ഉറപ്പുനൽകുന്നുവെന്നു പറഞ്ഞ മേത്ത, ഈ സ്വാതന്ത്ര്യം പരമാധികാരമല്ലെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.