സി.എ.എ അനുസ്മരണം: പൊലീസ് വലയത്തിൽ ജാമിഅ മില്ലിയ്യ
text_fieldsന്യൂഡൽഹി: 2019ൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ജാമിഅ മില്ലിയ്യ കാമ്പസിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ദിവസം ക്ലാസുകൾ റദ്ദാക്കി സർവകലാശാല. ലൈബ്രറിയും കാന്റീനും അധികൃതർ അടച്ചിട്ടു. വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കുന്നത് തടയാനാണ് സർവകലാശാല അധികൃതർ ഇത്തരം നടപടിക്ക് മുതിർന്നതെന്ന് ഇടതു പിന്തുണയുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ആരോപിച്ചു. കാമ്പസിന് പുറത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ‘ഡൽഹി പൊലീസ് ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ചു. കാമ്പസിൽ പ്രവേശിക്കാനും പുറത്തുകടക്കാനും കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരെയും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും പ്രവേശനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
എന്നാൽ, അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ക്ലാസുകളും കാന്റീനും ലൈബ്രറിയും ഉച്ചക്ക് ഒരു മണി മുതൽ അടച്ചിടുമെന്നാണ് ശനിയാഴ്ച രാത്രി സർവകലാശാല അധികൃതർ പുറത്തിറക്കിയ അറിയിപ്പ്. പരീക്ഷകൾ അടുത്തിരിക്കെ പുറത്തിറക്കിയ നോട്ടീസ് ചോദ്യംചെയ്ത് വിദ്യാർഥികൾ രംഗത്തെത്തി. സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്താനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.
2019 ഡിസംബർ 15ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ്യയിലെ വിദ്യാർഥികളെ പൊലീസ് കാമ്പസിൽ കയറി തല്ലിച്ചതക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.