അലീഗഢ് വി.സിയെ സ്ഥാനത്തുനിന്നു നീക്കിയതായി പ്രഖ്യാപിച്ച് അധ്യാപകരും വിദ്യാർഥികളും
text_fieldsന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. താരീഖ് മന്‍സൂർ, രജിസ്ട്രാര്‍ എസ്. അബ്ദുൽ ഹമീദ് എന്നിവരെ സ്ഥാനത്തുനിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ച് സർവകലാശാലയിലെ അധ്യാപക, അനധ്യാപക വിദ്യാർഥി കൂട്ടായ്മ. ജനുവരി അഞ്ചിനു മുമ്പായി ഔദ്യോഗിക താമസമടക്കം ഒഴിഞ്ഞില്ലെങ്കിൽ ബഹിഷ്കരണമടക്കമുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്നും കാമ്പസില്‍ ഒരു പ്രവൃത്തിയും നടക്കില്ലെന്നും ഇരുവർക്കും അയച്ച നോട്ടീസിൽ കൂട്ടായ്മ വ്യക്തമാക്കി.
മുൻ വൈസ് ചാൻസലർ, മുൻ രജിസ്ട്രാർ എന്നിങ്ങനെ വിശേഷിപ്പിച്ചാണ് ഇരുവർക്കും നോട്ടീസ് നൽകിയത്. സർവകലാശാലക്കുള്ളിൽ കയറി പൊലീസ് അതിക്രമത്തിന് അനുമതി നൽകിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ വിദ്യാർഥികളും അധ്യാപകരും രംഗത്തുവരുകയായിരുന്നു.
ജനുവരി അഞ്ചിന് സർവകലാശാല തുറക്കുന്നതോടെ പൗരത ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതോടൊപ്പം വൈസ്ചാൻസലർക്കെതിരെയും രജിസ്ട്രാർക്കെതിരെയും സമരമുണ്ടാവുമെന്ന് വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികൾക്ക് പിന്തുണയുമായി ഇതിനകം 200 ലധികം അധ്യാപകർ രംഗത്തുവന്നിട്ടുണ്ട്. ഇവർ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കാമ്പസിൽ പ്രതിഷേധ പ്രകടനവും നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭത്തിന് തുടക്കമിട്ടത് അലീഗഢ് വിദ്യാർഥികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.