സി.എ.എ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ തടങ്കലിലാകുമോ? ആശങ്കയുയരുന്നു
text_fieldsന്യൂഡൽഹി: പതിറ്റാണ്ടുകളായി ഇന്ത്യൻ പൗരൻമാരായി ജീവിച്ചിട്ടും സി.എ.എക്ക് അപേക്ഷിക്കുന്നത് വഴി പൗരത്വം തന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ഒരു വിഭാഗം. എന്തെങ്കിലും സാങ്കേതിക തകരാർ മൂലം പൗരത്വ ഭേദഗതി നിയമത്തിന്റെ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അനന്തരഫലം എന്തായിരിക്കുമെന്നാണ് ഇവരുടെ ആശങ്ക. പൗരത്വ ഭേദഗതി നിയമത്തിനായി ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്.
അപേക്ഷകരിൽ പലരും പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലെത്തിയവരാണ്. വർഷങ്ങളായി ഇന്ത്യൻ പൗരൻമായി ജീവിക്കുകയുമാണ്. എന്നാൽ അവർ സമർപ്പിച്ച രേഖകളിൽ എന്തെങ്കിലും പിഴവുകളുണ്ടെന്ന് അപേക്ഷകൾ സൂക്ഷ്മമായി പരിശോധിക്കുന്ന കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടാൽ നിരസിക്കപ്പെടാം. ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ക്ലിയറൻസ് റിപ്പോർട്ട് ഉണ്ടെങ്കിലും അപേക്ഷകൾ നിരസിക്കപ്പെട്ടേക്കാം.
ഇങ്ങനെ വന്നാൽ നിയമപ്രകാരം അപേക്ഷകന് 30 ദിവസത്തിനുള്ളിൽ കേന്ദ്രസർക്കാരിന് പുനഃപരിശോധന ഹരജി സമർപ്പിക്കാൻ അവകാശമുണ്ട്. അത്തരം അപേക്ഷകളിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും എന്നും വ്യവസ്ഥയിലുണ്ട്. അപേക്ഷ നിരസിച്ചാൽ പുനരവലോകനം നടത്തേണ്ടത് അതേ അധികാരമുള്ള സമിതിയാണെന്നും പുനഃപരിശോധന നിരസിക്കപ്പെട്ടാൽ ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിക്കാൻ അപേക്ഷകർക്ക് അവകാശമുണ്ടെന്നും അസമിലെ അഭിഭാഷകൻ അമൻ വദൂദ് പറയുന്നു.
അപേക്ഷ നിരസിക്കപ്പെട്ടാൽ, ആളുകൾ തടങ്കൽ കേന്ദ്രങ്ങളിൽ എത്തിച്ചേരുമെന്ന് ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ ഹിന്ദു സമൂഹത്തിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് പാർലമെന്റംഗം മമത ബാല താക്കൂർ മുന്നറിയിപ്പ് നൽകി. പശ്ചിമ ബംഗാളിലെ മട്ടുവ സമുദായത്തിനാണ് അപേക്ഷ നിരസിക്കുന്ന കാര്യത്തിൽ ഏറ്റവും കൂടുതൽ ആശങ്കയുള്ളത്. 1971ലെ പാകിസ്താനുമായുള്ള യുദ്ധത്തിനു മുമ്പും ശേഷവും ബംഗ്ലാദേശിൽ നിന്ന് കുടിയേറിയതാണ് ഈ പട്ടികജാതി-വർഗ വിഭാഗങ്ങൾ. രേഖകളൊന്നുമില്ലാതെയാണ് ഇവരിൽ പലരും ഇന്ത്യയിലേക്ക് വന്നത്. എന്നാൽ കാലക്രമേണ അവർക്ക് പാസ്പോർട്ടും വോട്ടർ ഐഡന്റിറ്റി കാർഡും പോലുള്ള ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന എല്ലാ രേഖകളും ലഭിച്ചു. മട്ടുവ സമുദായത്തിൽനിന്ന് തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും എം.പിമാരുമുണ്ട്.
അപേക്ഷ നിരസിക്കപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടില്ലെന്ന് പോർട്ടലിൽ രേഖകൾ അപ്ലോഡ് ചെയ്യാൻ പാകിസ്താനിൽ നിന്നുള്ള ഹിന്ദു അപേക്ഷകരെ സഹായിക്കുന്ന രാജസ്ഥാനിലെ അഭിഭാഷകനായ വിക്രം സിങ് രാജ്പുരോഹിതും സമ്മതിച്ചിട്ടുണ്ട്. ചിലർക്ക് അപേക്ഷ സ്വീകരിച്ചതായുള്ള സ്ഥിരീകരണം പോലും ലഭിച്ചിട്ടില്ല. അവരെല്ലാം നിയമപരമായ വഴിയിലൂടെയാണ് വന്നത്. എന്നാൽ അവരുടെ പാസ്പോർട്ട്, വിസ തുടങ്ങിയ രേഖകൾ കാലഹരണപ്പെട്ടിരിക്കുന്നു.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബാംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അതതു സർക്കാർ അധികൃതർ നൽകുന്ന ഒമ്പതു രേഖകളിൽ ഏതെങ്കിലും ഒന്ന് പൗരത്വ പോർട്ടലിൽ നിർബന്ധമായും അപ്ലോഡ് ചെയ്യണം. അതേസമയം, ആവശ്യമായ രേഖകളില്ലാത്തവർക്ക് സി.എ.എ പ്രകാരം അപേക്ഷിക്കാനുള്ള മാർഗം സർക്കാർ ഉടൻ കണ്ടെത്തുമെന്ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. 85ശതമാനം ആളുകൾക്കും ആവശ്യമായ രേഖകളുണ്ടെന്നാണ് അമിത് ഷായുടെ നിരീക്ഷണം.
2019 ഡിസംബറിലാണ് പൗരത്വ നിയമഭേദഗതി ബിൽ പാർലമെന്‍റിൽ പാസാക്കിയത്. പിന്നാലെ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. എന്നാൽ, വിവേചനപരമായ നിയമവ്യവസ്ഥകൾക്കെതിരെ നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് ഉയർന്നത്.
പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽപക്ക രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നൽകുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.