പൗരത്വ സമരം: ഈടാക്കിയ പിഴ യു.പി സർക്കാർ തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൗരത്വ പ്രക്ഷോഭകരിൽനിന്ന് യു.പി സർക്കാർ ഈടാക്കിയ പിഴ തിരിച്ചു നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി. സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടാൻ നൽകിയ 274 നോട്ടീസുകൾ പിൻവലിച്ചതായി യു.പി സർക്കാറിനു വേണ്ടി ഹാജരായ അഡീഷനൽ അഡ്വ. ജനറൽ ഗരിമ പ്രശാദ് വെള്ളിയാഴ്ച അറിയിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് നിലവിൽ ഈടാക്കിയ പിഴയും തിരിച്ചുനൽകണമെന്ന് ഉത്തരവിട്ടത്.
പിഴ തിരിച്ചുനൽകാൻ ഉത്തരവിടുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് യു.പി സർക്കാർ വാദിച്ചു. എന്നാൽ, ആരെങ്കിലും നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ നീതിന്യായ സംവിധാനത്തിലൂടെയാണ് അത് ചെയ്യേണ്ടതെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കേണ്ടിവരുമ്പോള്‍ ഈടാക്കിയ തുകയും തിരിച്ചുനല്‍കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പൗരത്വ പ്രക്ഷോഭകർക്കെതിരെ ജില്ല ഭരണകൂടം ഇറക്കിയ സ്വത്ത് കണ്ടുകെട്ടൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പർവേസ് ആരിഫ് ടിറ്റു എന്നയാൾ നൽകിയ പരാതിയിലാണ് കോടതി ഇടപെടൽ. സുപ്രീംകോടതിയുടെ 2009, 2018 വർഷങ്ങളിലെ നിർദേശങ്ങൾക്ക് വിരുദ്ധമാണ് സർക്കാറിന്റെ ഉത്തരവ്. ആറു വർഷം മുമ്പ് മരിച്ച 94 വയസ്സുകാരനുൾപ്പെടെ നിരവധി പേർക്ക് മാനദണ്ഡങ്ങളൊന്നുമില്ലാതെ നോട്ടീസ് അയച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 11ന് കേസ് പരിഗണിക്കവേ ക്രമവിരുദ്ധ നടപടികൾ പിൻവലിക്കാൻ അവസാന അവസരമായി ഒരാഴ്ച അനുവദിക്കുകയാണെന്നും ചെയ്തില്ലെങ്കിൽ നേരിട്ട് നിർവഹിക്കുമെന്നും സുപ്രീംകോടതി യു.പി സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്താണ് ചെയ്യാൻ പോകുന്നതെന്ന് വെള്ളിയാഴ്ച അറിയിക്കണമെന്നും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതു പ്രകാരം 274 നോട്ടീസുകൾ പിൻവലിച്ചതായി യു.പി സർക്കാർ കോടതിയെ അറിയിച്ചു. സമരക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്കുള്ള നാശനഷ്ടങ്ങള്‍ വീണ്ടെടുക്കല്‍ നിയമപ്രകാരം സര്‍ക്കാറിന് പുതിയ നോട്ടീസ് നല്‍കാം. എന്നാല്‍ ഇത് സ്വതന്ത്രമായ ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി അറിയിച്ചു.
പിഴ തിരിച്ചുനൽകാൻ പിന്നീട് ഉത്തരവിടാമെന്നും തല്ക്കാലം തല്‍സ്ഥിതി നിലനിർത്തണമെന്നും യു.പി സർക്കാർ അഭ്യർഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുക ട്രൈബ്യൂണലില്‍ കേസ് തീരുന്നതു വരെ സെക്യൂരിറ്റി തുകയായി നിലനിര്‍ത്തണമെന്ന ആവശ്യവും കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.