സി.എ.എ ഒരിക്കലും പിൻവലിക്കില്ല -അമിത് ഷാ
text_fieldsന്യൂഡൽഹി: വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരവേ, നിയമം പിൻവലിക്കില്ലെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സി.എ.എ ഒരിക്കലും പിൻവലിക്കില്ല. നമ്മുടെ രാജ്യത്തുള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകുകയെന്നത് ഉറച്ച തീരുമാനമാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല -അമിത് ഷാ പറഞ്ഞു.
ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വിഭാഗങ്ങളോ പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കപ്പെടേണ്ടതില്ല. കാരണം, പൗരത്വം നൽകുന്നതിന് മാത്രമാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്. പൗരത്വം തിരിച്ചെടുക്കുന്നതിന് നിയമത്തിൽ വ്യവസ്ഥയില്ല -ഷാ പറഞ്ഞു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയാണ് സി.എ.എ നടപ്പാക്കിയതെന്ന പ്രതിപക്ഷ ആരോപണം അമിത് ഷാ തള്ളി. പ്രതിപക്ഷം ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും അവർ പറഞ്ഞത് ഞങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ്. എന്നാൽ, ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന് 1950 മുതൽ ഞങ്ങൾ പറയുന്ന കാര്യമാണ്. സി.എ.എയുടെ കാര്യത്തിൽ രാഷ്ട്രീയനുണയാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. 2019ലെ ഞങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്ന കാര്യമാണ് പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന കാര്യം.
2019ൽ തന്നെ പാർലമെന്‍റ് ബിൽ പാസാക്കിയതാണ്. എന്നാൽ, കോവിഡ് കാരണമാണ് തുടർനടപടികൾ നീണ്ടുപോയത്. പ്രതിപക്ഷം പ്രീണനരാഷ്ട്രീയം കളിച്ച് വോട്ട് നേടാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് സി.എ.എ നടപ്പാക്കുമെന്ന കാര്യം ഞാൻ നേരത്തെ എത്രയോ തവണ പറഞ്ഞതാണ് -എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
മാർച്ച് 11നാണ് രാജ്യത്ത് സി.എ.എ ചട്ടങ്ങൾ പ്രാബല്യത്തിലാക്കിയത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽപക്ക രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ബുദ്ധ, ജൈന വിഭാഗക്കാർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.