മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം; ഭേദഗതി പാസ്സാക്കി
text_fieldsന്യൂഡൽഹി: പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ ചേക്കേറിയ മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം എളുപ്പമാക്കുന്ന ബിൽ വീണ്ടും പാർലമെൻറിലേക്ക്. രാജ്യസഭയിൽ പാസാക്കാൻ കഴിയാതെ നേരത്തേ അസാധുവായ പൗരത്വ നിയമഭേദഗതി ബിൽ കേന്ദ്രമന്ത്രിസഭ പുതുക്കി അംഗീകരിച്ചു. അടുത്തയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചേക്കും.
മുസ്ലിംകളെ മാത്രം മാറ്റിനിർത്തി, കുടിയേറിയ മറ്റെല്ലാ വിഭാഗങ്ങൾക്കും പൗരത്വം വേഗത്തിൽ നൽകുകയെന്ന സർക്കാർ നിലപാടാണ് പൗരത്വ നിയമഭേദഗതിയെ വിവാദത്തിലാക്കിയത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതക്ക് എതിരാണ് സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, മുസ്ലിംകൾ കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറേണ്ടിവരുന്ന മറ്റു സമുദായക്കാർക്കാണ് പൗരത്വം വഴിയുള്ള സംരക്ഷണം ഏറ്റവും ആവശ്യമെന്നാണ് മോദിസർക്കാറിെൻറ പക്ഷം. പീഡനത്തിനും മറ്റും ഇരയായവരാണ് ഇങ്ങനെ അഭയാർഥികളായതെന്നും വാദിക്കുന്നു.
ഹിന്ദു, ക്രൈസ്തവ, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിഭാഗങ്ങളിൽ പെട്ട കുടിയേറ്റക്കാർക്കാണ് ലളിത വ്യവസ്ഥയിൽ ഇന്ത്യൻ പൗരത്വം നൽകുന്നത്. 1955ലെ പൗരത്വനിയമ പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ തൊട്ടുമുമ്പുള്ള 12 മാസങ്ങളിൽ ഇന്ത്യയിൽ താമസിച്ചിരിക്കണം. 14 വർഷത്തെ കണക്കെടുത്താൽ 11 വർഷവും താമസിച്ചിരിക്കണം. എന്നാൽ, മൂന്ന് അയൽരാജ്യങ്ങളിൽനിന്നുള്ള മുസ്ലിം ഇതര അപേക്ഷകർക്ക് 11 വർഷമെന്ന നിബന്ധന ആറുവർഷമായി ചുരുക്കുന്നതാണ് ഭേദഗതി. മതിയായ യാത്രാരേഖകളില്ലാതെയോ കാലാവധി തീർന്ന രേഖകളുമായോ 2015ന് മുമ്പ് ഇന്ത്യയിൽ കുടിയേറിയവർക്കാണ് പൗരത്വം നൽകുന്നതിൽ ഇളവ് അനുവദിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ബിൽ ലോക്സഭ പാസാക്കി. എന്നാൽ, എതിർപ്പുമൂലം രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞില്ല. പുതിയ ബിൽ ലോക്സഭയിൽ വേഗത്തിൽ പാസാക്കാൻ സർക്കാറിന് സാധിക്കുമെങ്കിലും രാജ്യസഭയിൽ അനായാസമല്ല. ബി.ജെ.പി എം.പിമാരോട് സഭകളിൽ ഹാജർ ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
പൗരത്വനിയമ ഭേദഗതി ബില്ലിനോട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ എതിർപ്പ് നേരത്തേ ഉയർന്നിരുന്നു. അവിടേക്കു കുടിേയറിയ ഒട്ടേറെ ഹിന്ദുക്കൾക്കും മറ്റും പൗരത്വം ലഭിക്കുന്നതുവഴി തദ്ദേശീയരുടെ താൽപര്യം ഹനിക്കപ്പെടുന്നു എന്നതാണ് കാരണം.
പുതുക്കിയ ബില്ലിൽ എല്ലാ വിഭാഗങ്ങളുടെയും പരാതികൾ കണക്കിലെടുത്തിട്ടുണ്ടെന്നാണ് മന്ത്രിസഭ യോഗത്തിനു ശേഷം മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനുപുറമെ തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഇടതുപാർട്ടികൾ, ആർ.ജെ.ഡി തുടങ്ങിയവ ബില്ലിനെതിരാണ്. സഖ്യകക്ഷികളായ ജെ.ഡി.യു, ശിരോമണി അകാലിദൾ, എ.ഐ.എ.ഡി.എം.കെ എന്നിവയുടെ നിലപാട് നിർണായകവുമാണ്.
എതിർപ്പു മറികടക്കാൻ വിവിധ മേഖലകൾ ഒഴിവാക്കി
ന്യൂഡൽഹി: അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം എന്നിവിടങ്ങളിലെ ഇന്നർ ലൈൻ പെർമിറ്റ് മേഖലകൾ വിവാദ പൗരത്വ നിയമ ഭേദഗതി ബിൽ പുതുക്കിയപ്പോൾ സർക്കാർ ഒഴിവാക്കി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അസം ഗണപരിഷത്തടക്കം വിവിധ പാർട്ടികളുടെ എതിർപ്പു തണുപ്പിക്കാനുള്ള ശ്രമമെന്ന നിലയിലാണ് ഇത്. വടക്കുകിഴക്കൻ മേഖലയിലെ അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങലെ ആറാം ഷെഡ്യൂളിൽ പെടുന്ന മേഖലകളും ബില്ലിെൻറ പരിധിയിൽ വരില്ല.
പൗരത്വനിയമ ഭേദഗതി ബിൽ പ്രകാരം പൗരത്വം ലഭിക്കുന്നവർക്ക് അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം എന്നിവിടങ്ങളിൽ താമസിക്കാൻ അനുവാദം ഉണ്ടാവില്ല എന്നതാണ് ഇതിെൻറ സാരാംശം. അരുണാചലിലും മറ്റും പോകുന്ന ഇന്ത്യക്കാർക്ക് ഇപ്പോൾ തന്നെ സമാനമായ ചില നിയന്ത്രണങ്ങൾ ഉണ്ട്.
പ്രത്യേക സംരക്ഷണത്തിെൻറ പരിധിയിൽവരുന്ന സംസ്ഥാനങ്ങളാണ് അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം എന്നിവ. ഇവിടങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങളുണ്ട്. ഇന്നർ ലൈൻ പെർമിറ്റ് എടുത്തിരിക്കണം. അതിൽ പറയുന്ന സമയപരിധിയിൽ കൂടുതൽ തങ്ങാൻ പാടില്ല. അതിർത്തി മേഖല, ഗോത്രവിഭാഗ സംരക്ഷണം എന്നിവ മുൻനിർത്തിയാണ് ഈ നിയന്ത്രണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.