അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായേക്കും
text_fieldsന്യൂഡൽഹി: അവസാനവട്ടം അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കിൽ െഎ.എ.എസിൽനിന്ന് രാഷ്ട്രീയ ഗോദയിലിറങ്ങിയ അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായേക്കും. ഒമ്പതു പുതുമുഖങ്ങളുടെ പട്ടികയിലെ അവസാന പേരുകാരൻ കണ്ണന്താനമാണ്. മോദിസർക്കാർ മൂന്നു വർഷം പിന്നിട്ടശേഷം കേരളത്തിന് കേന്ദ്രമന്ത്രിസഭയിൽ ഇടംലഭിക്കാനാണ് അതുവഴി അവസരം ഒരുങ്ങുന്നത്.
ഒരു വർഷം മുമ്പ് കണ്ണന്താനം ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെടാൻ വഴിയൊരുങ്ങിയതാണ്. എന്നാൽ, അവസാനഘട്ടത്തിൽ ഒഴിവാക്കപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്ന ഒമ്പതു പേരിൽ കണ്ണന്താനം പഴയ െഎ.എ.എസുകാരനാണെങ്കിൽ ഒരു മുൻ െഎ.പി.എസുകാരനും മുൻ െഎ.എഫ്.എസുകാരനും പട്ടികയിലുണ്ട്.
1979 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്താനം ഡൽഹിക്കാർക്ക് മറക്കാനാവാത്ത മുഖമാണ്. ഡൽഹി വികസന അതോറിറ്റി കമീഷണറായിരിക്കെ, അനധികൃത നിർമാണങ്ങൾ പൊളിക്കാൻ കാണിച്ച ധൈര്യമാണ് കണ്ണന്താനത്തെ ഡൽഹിക്കാർക്ക് പരിചിതനാക്കിയത്. അഴിമതിക്കെതിരായ പോരാട്ടത്തിൽ ജനശക്തിയെന്ന പ്രസ്ഥാനത്തെ പിന്നീട് നയിച്ചു. 2006ൽ ഇടതു പിന്തുണയുള്ള സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽനിന്ന് കേരള നിയമസഭയിൽ എത്തിയ കണ്ണന്താനം, പിന്നീട് രാഷ്ട്രീയ കരണംമറിച്ചിലിൽ ബി.ജെ.പിയിലെത്തി.
ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണ നേടാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് കണ്ണന്താനത്തിെൻറ മന്ത്രിപദം, അതിനു പുതിയ ഉപകരണമാവും. പതിറ്റാണ്ടുകളായി സംസ്ഥാന ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങളെത്തന്നെ പിന്തള്ളിയാണ് അൽഫോൻസ് കണ്ണന്താനമെന്ന കാഞ്ഞിരപ്പള്ളിക്കാരൻ കാവി പുതച്ച് മോദി മന്ത്രിസഭയിലേക്ക് ചുവടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.