പരാതിയുമായി സചിൻ; രാജസ്ഥാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കും
text_fieldsന്യൂഡൽഹി: പഞ്ചാബിനു പിന്നാലെ പാർട്ടിപ്പോര് പുകയുന്ന രാജസ്ഥാനിൽ പ്രശ്നപരിഹാരത്തിന് കോൺഗ്രസ് ഹൈകമാൻഡിെൻറ ഇടപെടൽ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഡൽഹിയിലെത്തി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവരുമായി ചർച്ച നടത്തി. മന്ത്രിസഭ വൈകാതെ പുനഃസംഘടിപ്പിക്കും. ഗെഹ്ലോട്ടിെൻറ എതിരാളിയും യുവനേതാവുമായ സചിൻ പൈലറ്റിന് കഴിഞ്ഞ വർഷം ഹൈകമാൻഡ് തന്നെ നൽകിയ ഉറപ്പാണ് മന്ത്രിസഭ പുനഃസംഘടന.
പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിെൻറ ഭാഗമായിരുന്നു ഇത്. എന്നാൽ, മന്ത്രിസഭ പുനഃസംഘടന പരമാവധി വൈകിപ്പിക്കുകയാണ് ഗെഹ്ലോട്ട്. ഇതിലുള്ള പ്രതിഷേധം സചിൻ ഹൈകമാൻഡിനെ അറിയിച്ചതിനെ തുടർന്നാണ് ഗെഹ്ലോട്ടിനെ ഡൽഹിക്ക് വിളിച്ചത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ വിജയത്തിന് നിർണായക പങ്ക് വഹിച്ചെങ്കിലും, ഒതുക്കുന്ന സമീപനം ഗെഹ്ലോട്ട് തുടരുന്നുവെന്നാണ് സചിൻ പൈലറ്റിെൻറയും ഒപ്പമുള്ളവരുടെയും പരാതി. കഴിഞ്ഞ വർഷം ഗെഹ്ലോട്ടിനോട് ഉടക്കിയ സചിൻ പൈലറ്റ് പാർട്ടി വിടുന്നതിന് ഒരുക്കം കൂട്ടിയതാണ്. എന്നാൽ, അദ്ദേഹത്തോടൊപ്പമുള്ള 18 എം.എൽ.എമാരിൽ ചിലർ ഗെഹ്ലോട്ട് പക്ഷത്തേക്ക് മാറിയതോടെ വിമതനീക്കത്തിന് ശക്തി ചോർന്നു.
മധ്യപ്രദേശിൽ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതു പോലൊരു സംഭവം രാജസ്ഥാനിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈകമാൻഡ് കളത്തിലിറങ്ങി. സചിെൻറ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് വാക്കു കൊടുത്തു. തനിക്കൊപ്പമുള്ള ആർക്കും മന്ത്രിസഭ പ്രാതിനിധ്യം നൽകുന്നില്ലെന്ന സചിെൻറ പരാതി പരിഹരിക്കാനാണ് ഹൈകമാൻഡ് ശ്രമിക്കുന്നത്. ഗെഹ്ലോട്ടിന് ഇനി സമയം നീട്ടിയെടുക്കാൻ പറ്റാത്ത സ്ഥിതിയായി. സോണിയക്കു പുറമെ, പ്രിയങ്ക ഗാന്ധിയേയും ഗെഹ്ലോട്ട് കണ്ടിരുന്നു.
രാജസ്ഥാെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെകൂടി സാന്നിധ്യത്തിൽ രാത്രി വൈകി നടന്ന ചർച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. അതിനു ശേഷമാണ് സോണിയയെ കണ്ടത്. രാഹുൽ ഗാന്ധി വിദേശത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.