കേബ്ൾ കാർ അപകടം: രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടറിൽനിന്ന് വീണ് യുവാവ് മരിച്ചു - ഞെട്ടിക്കുന്ന വിഡിയോ
text_fieldsറാഞ്ചി: ഝാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ട്രികൂട്ട് കുന്നുകളിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഞായറാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ധാരാളം പേർ ഇപ്പോഴും കേബ്ൾ കാറിൽ കുടുങ്ങിക്കിടക്കുകയാണ്. രാത്രിയായതോടെ ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു. ചൊവ്വാഴ്ച രാവിലെ പുനരാരംഭിക്കും.
തിങ്കളാഴ്ച വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. ഇതിനിടയിലാണ് ഒരാൾ വീണുമരിക്കുന്നത്. ഹെലികോപ്ടറിലേക്ക് ഉയർത്തുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു.
ഇതുവരെ 27 പേരെയാണ് രക്ഷപ്പെടുത്തിയത്. അപകടം നടന്ന് 24 മണിക്കൂർ കഴിയുമ്പോൾ കുറഞ്ഞത് 20 പേരെങ്കിലും രക്ഷപ്പെടുത്താനായി കാത്തിരിക്കുകയാണെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കേബ്ൾ കാറിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഡ്രോണുകളുടെ സഹായത്തോടെ വെള്ളവും ഭക്ഷണവും നൽകുന്നുണ്ടെന്ന് സ്ഥലത്തുള്ള ദേശീയ ദുരന്തനിവാരണ സേന അസിസ്റ്റന്റ് കമാൻഡന്റ് വിനയ് കുമാർ സിങ് പറഞ്ഞു.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അതേസമയം, കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവശേഷം റോപ്‌വേ മാനേജരും സ്വകാര്യ കമ്പനിയിലെ മറ്റ് ജീവനക്കാരും സ്ഥലത്തുനിന്ന് ഓടിപ്പോയിരുന്നു.
രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചതായി ദിയോഘർ ഡെപ്യൂട്ടി കമീഷണർ മഞ്ജുനാഥ് ഭജൻത്രി പറഞ്ഞു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും (ഐ.ടി.ബി.പി) സഹായത്തിനായുണ്ട്. രക്ഷാപ്രവർത്തനത്തിൽ പ്രദേശവാസികളും സഹകരിക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള റോപ്‌വേകളിൽ ഒന്നാണ് ട്രികൂട്ട് റോപ്‌വേ. ഈ റോപ്‌വേക്ക് 766 മീറ്റർ നീളമുണ്ട്. മലയുടെ ഉയരം 392 മീറ്ററാണ്. നാലുപേർക്ക് വീതം ഇരിക്കാവുന്ന 25 കേബ്ൾ കാറുകളാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.