കാഡ്ബറിക്കെതിരെ നികുതി തട്ടിപ്പ് ആരോപണം; കേസ് എടുത്ത് സി.ബി.ഐ
text_fieldsന്യൂഡൽഹി: നികുതി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കാഡ്ബറി ഇന്ത്യക്കെതിരെ കേസ് എടുത്ത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ഹിമാചൽ പ്രദേശിലെ ബഡ്ഡിയിൽ കാഡ്ബറി ഉൽപന്നങ്ങളായ 5 സ്റ്റാർ, ജെംസ് എന്നിവയുടെ നിർമാണത്തിന് കമ്പനി സ്ഥാപിക്കാൻ 241 കോടിയുടെ നികുതി തട്ടിപ്പും കൈക്കൂലിയുമാണ് ആരോപണം. അന്വേഷണത്തിന്‍റെ ഭാഗമായി ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ അഞ്ചിടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. പ്രതി ചേർക്കാവുന്ന തെളിവുകൾ ഇവിടങ്ങളിൽനിന്ന് ലഭിച്ചതായി സി.ബി.ഐ പറയുന്നു. ബഡ്ഡിയിൽ കമ്പനി സ്ഥാപിക്കാൻ 2009- 2011 കാലയളവിലാണ് കാഡ്ബറി തട്ടിപ്പ് നടത്തിയതെന്നു അന്വേഷണ ഏജൻസി ആരോപിച്ചു. സ്ഥലത്തിന് അടക്കേണ്ട നികുതി ഒഴിവാക്കാൻ രേഖകളിൽ വൻ കൃത്രിമം നടത്തിയെന്നാണ് കേസ്. 10 വർഷത്തേക്ക് ആദായ നികുതിയും എക്സൈസ് തീരുവയും ഒഴിവായി കിട്ടാൻ പുതിയ കമ്പനി സ്ഥാപിക്കുമെന്നായിരുന്നു അധികൃതരെ ബോധിപ്പിച്ചത്. എന്നാൽ, നിലവിലെ കമ്പനി വിപുലീകരിക്കാനാണ് ഈ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയത്.
ആവശ്യമായ ഇളവുകൾ ലഭിക്കാൻ എക്സൈസ് ഉദ്യോഗസ്ഥരായ നിർമൽ സിങ്, ജസ്പ്രീത് കൗർ എന്നിവർക്ക് മധ്യസ്ഥർ മുഖേന കൈക്കൂലി നൽകി. 241 കോടിയുടെ നികുതി ഇളവുകളാണ് അനധികൃതമായി സംഘടിപ്പിച്ചത്. ഇതിനാവശ്യമായ രേഖകൾ സംഘടിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൃത്രിമ രേഖകൾ ചമച്ചും രേഖകൾ വളച്ചൊടിച്ചും നടപടികൾ എളുപ്പത്തിലാക്കി.
അതേ സമയം, നികുതി കേസുകൾ തീർപാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പൊതുമാപ്പ് പദ്ധതിയിൽ ഉൾപെടുത്തി പ്രശ്നം പരിഹരിച്ചതാണെന്ന് കാഡ്ബറിയുടെ മൊണ്ഡെലസ് കമ്പനി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.