സി.എ.ജി റിപ്പോർട്ട്: 4.75 ലക്ഷം വ്യാജ ആധാർ കാർഡുകൾ
text_fieldsന്യൂഡൽഹി: ആധാര്‍ ഇഷ്യൂചെയ്ത് നൽകുന്ന യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പ്രവര്‍ത്തനത്തെ വിമർശിച്ച് കംട്രോളർ-ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്.
അപൂര്‍ണമായ വിവരങ്ങളോടെ യു.ഐ.ഡി.എ.ഐ ആധാര്‍ നമ്പറുകള്‍ ലഭ്യമാക്കിയെന്നും ശരിയായ രേഖകളില്ലാതെയോ യോഗ്യമായ ബയോമെട്രിക്സ് ഇല്ലാതെയോ ഒരേ വ്യക്തിക്ക് ഒന്നിലധികം അല്ലെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡുകള്‍ നല്‍കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 4.75 ലക്ഷത്തിലധികം ആധാർ കാർഡുകൾ ഡ്യൂപ്ലിക്കേറ്റ് ആയതിന്‍റെ പേരിൽ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ശേഖരം കൈകാര്യം ചെയ്യുന്ന യു.ഐ.ഡി.എ.ഐക്ക് തിരിച്ചറിയില്‍ നിര്‍ണയത്തില്‍ സംഭവിക്കുന്ന പിഴവുകള്‍ കണ്ടെത്താനാവുന്നില്ല. ചില കേസുകളില്‍ 10 വര്‍ഷം കഴിഞ്ഞിട്ടും ആധാര്‍ കാര്‍ഡ് ഉടമകളുടെ ഡേറ്റ അവരുടെ ആധാര്‍ നമ്പറുമായി പൊരുത്തപ്പെടുന്നില്ലെന്നും 108 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സി.എ.ജി ചൂണ്ടിക്കാട്ടുന്നു. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് നൽകുന്നത് പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
യു.ഐ.ഡി.എ.ഐ സ്വന്തം ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി 2019 മാര്‍ച്ചുവരെ ബാങ്കുകള്‍ക്കും മൊബൈല്‍ ഓപറേറ്റര്‍മാര്‍ക്കും മറ്റു ഏജന്‍സികള്‍ക്കും സൗജന്യമായി ഓതന്‍റിക്കേഷന്‍ സേവനങ്ങള്‍ നല്‍കി. ഇതിലൂടെ സര്‍ക്കാറിനുള്ള വരുമാനം നഷ്ടപ്പെടുത്തി. വിവിധ ഏജന്‍സികളും കമ്പനികളും ഓതന്റിക്കേഷന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് യു.ഐ.ഡി.എ.ഐ ഉറപ്പു വരുത്തിയിട്ടില്ല.
രഹസ്യ വിവരശേഖരണ സംവിധാനങ്ങളില്‍ സൂക്ഷിച്ച വിവരങ്ങളുടെ സുരക്ഷയുടെ കാര്യത്തിലും വീഴ്ചകള്‍ വരുത്തി. ആധാറിന് അപേക്ഷിക്കുന്ന ഒരാള്‍ നിശ്ചിത കാലയളവില്‍ ഇന്ത്യയില്‍ കഴിഞ്ഞു എന്നു തെളിയിക്കുന്ന രേഖകളുടെ കാര്യത്തില്‍ യു.ഐ.ഡി.എ.ഐ വ്യക്തത വരുത്തിയിട്ടില്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയ എല്ലാവരും ഇന്ത്യക്കാരെന്ന് പറയാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ 131.68 കോടിയാളുകള്‍ക്കാണ് ആധാര്‍ കാര്‍ഡുകള്‍ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.