കൽക്കട്ട ഹൈക്കോടതി ജഡ്ജ് രാജിവെച്ചു; ഇനി ബി.ജെ.പിയിൽ ചേരും, സ്ഥാനാർഥിയുമാകും
text_fieldsകൊൽക്കത്ത: കൽക്കട്ട ഹൈക്കോടതി ജഡ്ജ് അഭിജിത് ഗംഗോപാധ്യായ് രാജിവെച്ചു. ബി.ജെ.പിയിൽ ചേരുന്നതിനുവേണ്ടിയാണ് ഹൈക്കോടതി ജഡ്ജിയെന്ന മഹനീയ സ്ഥാനം ഇദ്ദേഹം രാജിവെക്കുന്നത്. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ താംലുക് സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്നാണ് സൂചന.
ചൊവ്വാഴ്ച ഉച്ചക്ക് കൊൽക്കത്തയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് രാജിവെച്ച വിവരവും ബി.ജെ.പിയിൽ ചേരുന്നതുമെല്ലാം ഗംഗോപാധ്യായ് അറിയിച്ചത്. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനെ നേരിടാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ എന്നാണ് ഇദ്ദേഹത്തിന്റെ വാദം. താൻ ഒരു മതവിശ്വാസി ആയതിനാലാണ് സി.പി.എമ്മിൽ ചേരാതിരിക്കുന്നതെന്നും ഗംഗോപാധ്യായ് പറയുന്നു. നാടുവാഴിത്തമാണ് കോൺഗ്രസിന്റെ പ്രകൃതമെന്നും ജയ്റാം രമേഷിനെപ്പോലെ കഴിവുള്ള നേതാക്കന്മാരെ അവഗണിക്കുന്നതിനാൽ അവർക്കൊപ്പം ചേരുന്നതിൽ താൽപര്യമില്ലെന്നുമാണ് മുൻ ജഡ്ജിയുടെ വാദം.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘അതെനിക്ക് പറയാൻ കഴിയില്ല. പാർട്ടിയുടെ ഉന്നത നേതൃത്വമാണ് അക്കാര്യം തീരുമാനിക്കേണ്ടത്’ എന്നായിരുന്നു ഗംഗോപാധ്യായുടെ മറുപടി. മാർച്ച് ഏഴിന് അക്കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, താംലുകിൽ സ്ഥാനാർഥിയാകാനാണ് ഹൈക്കോടതി ജഡ്ജ് സ്ഥാനം രാജിവെച്ച് ഇദ്ദേഹം ബി.ജെ.പിയിലെത്തിയത് എന്നാണ് റിപ്പോർട്ട്.
നരേന്ദ്ര മോദി വളരെ കഠിനാധ്വാനിയായ മനുഷ്യനാണെന്നും രാജ്യത്തിനുവേണ്ടി നല്ലതു ചെയ്യാൻ ശ്രമിക്കുന്നുവെന്നും ഗംഗോപാധ്യായ് അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാറിനെതിരായ ഇദ്ദേഹത്തിന്റെ സുപ്രധാന വിധി പ്രസ്താവങ്ങൾ തൃണമൂൽ കോൺഗ്രസിനെ ഏറെ അലോസരപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.