ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് കൊൽക്കത്ത ഹൈകോടതിയാണ് ഉത്തരവിട്ടത്.
കൊലപാതകങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും പീഡനാരോപണങ്ങളും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് ഹൈകോടതി നിർദേശം. സംസ്ഥാനത്തുണ്ടായ മറ്റ് അക്രമങ്ങൾ കോടതിയുടെ പ്രത്യേക സംഘവും അന്വേഷിക്കണം. ഇതിനും കോടതി മേൽനോട്ടം വഹിക്കണം. പ്രത്യേക അന്വേഷണ സംഘത്തിൽ ബംഗാൾ കേഡറിലുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്നും ഹൈകോടതി നിർദേശിച്ചു.
അതേസമയം, ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തൃണമൂൽ സർക്കാർ മാധ്യമങ്ങളെ അറിയിച്ചു.
ബംഗാളിലുണ്ടായ തെരഞ്ഞെടുപ്പാനന്തര അക്രമങ്ങളെപ്പറ്റി അന്വേഷിച്ച ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്.ആർ.സി) സമിതി കൽക്കട്ട ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംസ്ഥാനത്തുണ്ടായ അക്രമങ്ങളെ തുടർന്ന് ലഭിച്ച ഒരുകൂട്ടം പൊതുതാൽപര്യ ഹരജികൾ പരിഗണിച്ച് ജൂൺ 18നാണ് മനുഷ്യാവകാശ കമീഷനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈകോടതി നടപടി.
നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ വീണ്ടും അധികാരത്തിലെത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. സംഘർഷം അടിച്ചമർത്തുന്നതിൽ സംസ്ഥാനം മൃദുസമീപനം സ്വീകരിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
എന്നാൽ, അക്രമ സംഭവങ്ങളുടെ വ്യാജ വിഡിയോകളും ചിത്രങ്ങളുമാണ് വ്യാപകമായി പ്രചരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മേയ് രണ്ടിന് പൊലീസ് സേന തെരഞ്ഞെടുപ്പ് കമീഷന്‍റെ നിയന്ത്രണത്തിലായിരുന്നുവെന്നും ബംഗാൾ സർക്കാറിന്‍റെ റിേപ്പാർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.