ശോഭായാത്രക്ക് ആഹ്വാനം; നൂഹ് ഭീതിയിൽ
text_fieldsചണ്ഡിഗഢ്: ഹിന്ദുത്വ സംഘടനകൾ തിങ്കളാഴ്ച ശോഭായാത്രക്ക് ആഹ്വാനം ചെയ്തതിനെ തുടർന്ന് ഹരിയാനയിലെ നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റും കൂട്ട എസ്.എം.എസും നിരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഹരിയാന ഡി.ജി.പി ശത്രുജീത് കപൂർ സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. ശോഭായാത്രക്ക് ജില്ല ഭരണകൂടം നേരത്തേ അനുമതി നിഷേധിച്ചിരുന്നു.
‘സർവ ജാതീയ ഹിന്ദു മഹാപഞ്ചായത്ത്’ എന്ന കൂട്ടായ്മയാണ് 28ന് ‘ബ്രിജ് മണ്ഡൽ ശോഭായാത്ര’ക്ക് ആഹ്വാനംചെയ്തത്. ഹരിയാനയിലെയും അയൽ സംസ്ഥാനങ്ങളിലെയും ആളുകളോട് നൂഹിലെത്താൻ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിക്കാതിരിക്കാൻ 26 മുതൽ 28വരെ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അയൽസംസ്ഥാനങ്ങളിൽനിന്ന് ആളുകൾ നൂഹിലെത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
സെപ്റ്റംബർ മൂന്നുമുതൽ ഏഴുവരെ ജി20 ഷെർപ ഗ്രൂപ്പിന്റെ യോഗം നൂഹിൽ നടക്കാനിരിക്കുന്നത് പരിഗണിച്ചും നേരത്തേയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുമാണ് ശോഭായാത്രക്ക് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്.
ജൂലൈ 31ന് വി.എച്ച്.പി യാത്രക്കുനേരെ നടന്ന കല്ലേറിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പള്ളി ഇമാം അടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു.
കല്ലെറിയാൻ മറയാക്കിയെന്നും അനധികൃതമായി നിർമിച്ചെന്നും ആരോപിച്ച് 350ഓളം ചെറു കടകളും വീടുകളും അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുകയും ചെയ്തു. ഹൈകോടതി ഇടപെടലിനെ തുടർന്നാണ് പൊളിക്കൽ നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.