മിസ്റ്റർ മോദീ, എന്തും വിളിച്ചോളൂ; ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന്റെ കണ്ണീരൊപ്പും -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘മോദീ, താങ്കൾ എന്തുവേണമെങ്കിലും വിളിച്ചോളൂ, നമ്മൾ ഇന്ത്യയാണ്. മണിപ്പൂരിന് സൗഖ്യമേകാനും അവിടെയുള്ള മുഴുവൻ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും’ എന്നായിരുന്നു രാഹുലിന്റെ മറുപടി ട്വീറ്റ്.
26 ഓളം പാർട്ടികൾ ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്കെതിരെ ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി മോദി പരിഹാസവുമായി രംഗത്തുവന്നത്. ഇതിനുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ‘മിസ്റ്റർ മോദീ, നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം. നമ്മൾ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും. എല്ലാ ജനങ്ങൾക്കും ഞങ്ങൾ സ്നേഹവും സമാധാനവും തിരികെ നൽകും. മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ഞങ്ങൾ പുനർനിർമ്മിക്കും’ -രാഹുൽ വ്യക്തമാക്കി.
മണിപ്പൂരിനെക്കുറിച്ച് ചർച്ച നടത്താനാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും എന്നാൽ പ്രധാനമന്ത്രി മോദി സംസാരിക്കുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കുറിച്ചാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
മണിപ്പൂർ കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് ‘ഇൻഡ്യ’ ഉറച്ചുനിന്നതോടെ ചൊവ്വാഴ്ച സഭ പ്രക്ഷുബ്ധമായിരുന്നു. ഇതോടെയാണ് ‘ഇൻഡ്യ’യെ പരിഹസിച്ച് മോദി രംഗത്തെത്തിയത്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമായിരുന്നു മോദിയുടെ പരാമർശം. ‘ലക്ഷ്യബോധമില്ലാത്ത ഇത്തരം പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. പ്രധാനമന്ത്രിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ’ - മോദി കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ച രണ്ടുമണിവരേയും രാജ്യസഭ 12 മണിവരേയും നിര്‍ത്തിവെച്ചിരുന്നു.
അതേസമയം, സംഘർഷഭരിതമായ മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ചു പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിർബന്ധിതമാക്കാൻ ഏറ്റവും ഉചിതമായ മാർഗം അവിശ്വാസ പ്രമേയമാണെന്ന് ‘ഇൻഡ്യ’ വിലയിരുത്തി. ഇതിനായി കേന്ദ്രസർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് സഖ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.