സ്ത്രീലമ്പടൻ, മദ്യപാനി എന്ന് ഭർത്താവിനെ തെളിവില്ലാതെ വിളിക്കുന്നത് ക്രൂരത -ബോംബെ ഹൈകോടതി
text_fieldsമുംബൈ: തെളിവില്ലാതെ ഭർത്താവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സ്ത്രീലമ്പടനെന്നും മദ്യപാനിയെന്നും വിളിക്കുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈകോടതി. പുണെ സ്വദേശികളായ ദമ്പതികളുടെ വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് 50 കാരിയായ സ്ത്രീ നൽകിയ ഹരജി ജസ്റ്റിസുമാരായ നിതിൻ ജംദാർ, ഷർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒക്ടോബർ 12 ന് തള്ളിയിരുന്നു. ഹൈകോടതി ഹരജി പരിഗണിക്കുന്നതിനിടെ ഭർത്താവ് മരണപ്പെടുകയും ചെയ്തു.
സ്ത്രീലമ്പടനും മദ്യപാനിയുമായ ഭർത്താവ് കാരണം തനിക്ക് ദാമ്പത്ത്യാവകാശങ്ങൾ നഷ്ടപ്പെട്ടന്ന് യുവതി ഹരജിയിൽ ആരോപിച്ചു. എന്നാൽ ഭർത്താവിനെ കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച ഭാര്യയുടെ പെരുമാറ്റം ഭർത്താവിന്‍റെ പ്രശസ്തിയെ ബാധിക്കുമെന്നും ഇത് വളരെ ക്രൂരമായ നടപടിയാണെന്നും കോടതി പറഞ്ഞു.
സ്വന്തം മൊഴിയല്ലാതെ ആരോപണത്തെ സാധൂകരിക്കുന്ന മറ്റ് തെളിവുകളൊന്നും യുവതി ഹാജരാക്കിയിട്ടില്ലെന്നും ഹൈകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഭർത്താവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ഹരജിക്കാരി അദ്ദേഹത്തെ മാനസികമായി വേദനിപ്പിച്ചെന്ന് യുവാവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഭാര്യ തന്നെ മക്കളിൽ നിന്നും പേരക്കുട്ടികളിൽ നിന്നും വേർപെടുത്തിയെന്ന് ഭർത്താവ് കുടുംബ കോടതിയിൽ നേരത്തെ മൊഴി നൽകിയിരുന്നു.
എതിർ കക്ഷിക്ക് മാനസിക ബുദ്ധിമുട്ടും വേദനയും നൽകുന്ന തരത്തിലുള്ള ഹരജിക്കാരിയുടെ പെരുമാറ്റം ക്രൂരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കാരണത്താൽ വിവാഹ മോചനം ശരിവെക്കുന്നതായും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.