അന്യസ്ത്രീയെ ഡാർലിങ് എന്ന് വിളിക്കുന്നത് അപകീർത്തികരം - കൊൽക്കത്ത ഹൈകോടതി
text_fieldsകൊൽക്കത്ത: അന്യസ്ത്രീയെ ഡാർലിങ് എന്ന് വിളിക്കുന്നത് അപകീർത്തികരവും ലൈംഗിക അർത്ഥമുണ്ടെന്നും കൊൽക്കത്ത ഹൈകോടതി. ജസ്റ്റിസ് ജയ് സെൻഗുപ്ത അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നിരീക്ഷണം. ജനക് റാം എന്ന വ്യക്തി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ ജനക് റാമിന് കോടതി വിഷയത്തിൽ മൂന്ന് വർഷത്തെ തടവിന് വിധിച്ചിരുന്നു. ഇതിനെതിരെ നൽകി അപ്പീലിലാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354എ(i) പ്രകാരം ഡാർലിങ് എന്ന പരാമർശം ലൈംഗികചുവയുള്ളതാണെന്ന് കോടതി വ്യക്തമാക്കിയത്.
മദ്യപിച്ച് നിലയിലായിരുന്ന ജനക് റാമിൽ നിന്നും പിഴ ഈടാക്കാനെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥയോട് എന്താ ഡാർലിങ് നീ എനിക്കെതിരെ പിഴ ചുമത്താൻ വന്നതാണോ എന്ന് ചോദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥയാണെങ്കിലും അല്ലെങ്കിലും ഒരു സ്ത്രീയെ തെരുവിൽ വെച്ച്, മദ്യപിച്ചോ അല്ലാതെയോ ഒരു യുവാവ് ഡാർലിങ് എന്ന് വിളിക്കുന്നത് അപകീർത്തികരമാണെന്നും ലൈംഗികചുവയുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരിചയമില്ലാത്ത സ്ത്രീകളെ ഡാർലിങ് പോലുള്ള വാക്കുകൾ കൊണ്ട് സന്തോഷത്തോടെ അഭിസംബോധന ചെയ്യാൻ പുരുഷന് അവകാശമില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം 354 എ(i), 509 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് മായാബന്ദർ നോർത്ത് ആൻഡ് മിഡിൽ ആൻഡമാനിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജനക് റാമിന് മൂന്ന് മാസത്തെ തടവും, 500 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ 2023 നവംബറിൽ അപ്പീൽ നൽകിയിരുന്നുവെങ്കിലും നോർത്ത് & മിഡിൽ ആൻഡമാൻ അഡീഷണൽ സെഷൻസ് ജഡ്ജി അപ്പീൽ നിരസിച്ചു. ഇതോടെയാണ് റാം കൊൽക്കത്ത ഹൈകോടതിയെ സമീപിക്കുന്നത്. പ്രതി പിന്നീട് അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും അതിനാൽ മൂന്ന് മാസത്തെ തടവ് ഒരു മാസമാക്കി കുറച്ചതായും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.