വഖഫ് ബോർഡ് നിരോധിക്കണമെന്ന കാമ്പയിൻ; സർക്കാറിന് ഒന്നും ചെയ്യാനില്ലെന്ന് കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: കർണാടകയിൽ വഖഫ് ബോർഡ് നിരോധിക്കണമെന്ന തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനത്തിൽ സർക്കാറിന് മൗനം. ഇക്കാര്യത്തിൽ സർക്കാറിന് ഒന്നും ചെയ്യാനില്ലെന്നും നിയമം നോക്കിയായിരിക്കും പ്രവർത്തനമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ശിരോവസ്ത്ര, ഹലാൽ വിവാദങ്ങൾക്കും ക്ഷേത്രോത്സവങ്ങളിൽ മുസ്ലിം കച്ചവടക്കാർക്കെതിരായ ബഹിഷ്കരണാഹ്വാനത്തിനും പിന്നാലെയാണ് തീവ്രഹിന്ദുത്വ സംഘടനകൾ വഖഫ് ബോർഡും അതുമായി ബന്ധപ്പെട്ട നിയമങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ശ്രീരാം സേന തലവൻ പ്രമോദ് മുത്തലിക്കാണ് വിവാദത്തിന് തുടക്കമിട്ടത്. ഓരോ ജനങ്ങളും അവരുടെ ആചാരങ്ങളും രീതികളും പിന്തുടരുമെന്നും സർക്കാർ നിയമം നോക്കിയായിരിക്കും പ്രവർത്തിക്കുകയെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. 'ഇത്തരം കാമ്പയിനുകളിൽ സർക്കാറിന് ഒന്നും ചെയ്യാനില്ല. സർക്കാറിന്‍റെ കണ്ണിൽ എല്ലാവരും തുല്യരാണ്. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം' -അദ്ദേഹം പറഞ്ഞു. അതേസമയം, വഖഫ് ബോർഡ് നിരോധിക്കണമെന്ന പ്രമോദ് മുത്തലിക്കിന്‍റെ ആവശ്യത്തിന് പുറമെ ക്ഷേത്ര തീർഥാടനത്തിന് പോകുമ്പോൾ മുസ്ലിം വിഭാഗത്തിലുള്ളവരുടെ ട്രാവൽസ് കമ്പനികളിൽനിന്ന് വാഹനം വാടകക്ക് എടുക്കരുതെന്ന ആഹ്വാനവുമായി ഭാരത രക്ഷണെ വേദികെയും രംഗത്തെത്തി.
വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഓരോ ദിവസവും പ്രകോപനപരമായ പ്രസ്താവന നടത്തുമ്പോഴും ഇതിനെതിരെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.