വന്ദേമാതരവും ജനഗണമനയും തുല്യമായി കാണണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി
text_fieldsന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തെ ദേശീയഗാനമായ ജനഗണമനക്ക് തുല്യമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി തള്ളി.
ഹരജിക്കാരെൻറ നിലപാടിനോട് യോജിക്കുന്നുവെന്നും അതേസമയം, ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഡൽഹി സ്വദേശിയായ ഗൗതം ആർ. മൊറാർക്ക നൽകിയ ഹരജിയാണ് കേന്ദ്ര നിലപാടുകൂടി കണക്കിലെടുത്ത് കോടതി തള്ളിയത്.
ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന് ഇന്ത്യൻ മനസ്സിൽ അതുല്യവും സവിശേഷവുമായ സ്ഥാനമുണ്ടെന്നും എന്നാൽ രവീന്ദ്രനാഥ ടാഗോർ രചിച്ച ദേശീയഗാനത്തിന് തുല്യമായി അതിനെ കാണാൻ കഴിയില്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതേ ആവശ്യം നേരത്തെ ഉയർന്നപ്പോൾ രൂപവത്കരിച്ച വിദഗ്ധ സമിതി വന്ദേമാതരത്തിെൻറയും ജനഗണമനയുടെയും കാര്യത്തിൽ തൽസ്ഥിതി തുടരണമെന്നാണ് നിർദേശിച്ചതെന്ന് കേന്ദ്രം അറിയിച്ചു.
വന്ദേമാതര ഗീതം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച ചരിത്രപരമായ പങ്കിനെ ഒാരോ പൗരനും സ്മരിക്കുമെന്നും അതിനു തക്ക ആദരവ് നൽകുമെന്നാണ് പ്രതീക്ഷയെന്നും സമിതി അഭിപ്രായപ്പെട്ടിരുന്നു. ധീരതയുടെയും ആത്മസമർപ്പണത്തിെൻറയും മാതൃരാജ്യ സ്നേഹത്തിെൻറയും പ്രതീകമായ വന്ദേമാതരത്തെ ഇന്ത്യൻ മനസ്സിലും ഹൃദയത്തിലും താങ്ങിനിർത്താൻ ഏതെങ്കിലും ഉൗന്നുവടിയുടെ ആവശ്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം കോടതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.