വിദ്വേഷ പ്രചാരക ജഡ്ജിയാകുമോ? പരാതി മുഖവിലക്കെടുത്തെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിദ്വേഷ പ്രചാരകയെന്ന് ആക്ഷേപം നേരിടുന്ന ബി.ജെ.പി നേതാവിനെ മദ്രാസ് ഹൈകോടതി ജഡ്ജിയായി നിയമിക്കാൻ തങ്ങൾതന്നെ നൽകിയ ശിപാർശക്കെതിരായ പരാതി സുപ്രീംകോടതി കൊളീജിയം മുഖവിലക്കെടുത്തുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തിങ്കളാഴ്ച കോടതിയിൽ അറിയിച്ചു.
അവർ ഹൈകോടതി ജഡ്ജിയാകുന്നതിനെതിരെ സമർപ്പിച്ച ഹരജി ചൊവ്വാഴ്ച ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്നും അസാധാരണമായ നീക്കത്തിൽ ചീഫ് ജസ്റ്റിസ് അറിയിച്ചു.
അതേസമയം, മഹിള മോർച്ച മുൻ ദേശീയ ജനറൽ സെക്രട്ടറിയായ വിക്ടോറിയ ഗൗരിക്കെതിരെ വ്യാപക പരാതികളുയർന്നതിനിടെ മദ്രാസ് ഹൈകോടതി അഡീഷനൽ ജഡ്ജിയായി അവരെ നിയമിച്ച് തിങ്കളാഴ്ചതന്നെ കേന്ദ്ര സർക്കാർ അടിയന്തര ഉത്തരവിറക്കി. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയുടെ നിലപാട് ഏറെ നിർണായകമായി.
മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ അഡ്വ. വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാനുള്ള ശിപാർശ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതി അഭിഭാഷകർ ഒരാഴ്ച മുമ്പ് ചീഫ് ജസ്റ്റിസിന് എഴുതിയിരുന്നുവെങ്കിലും അടിയന്തര നടപടിയുണ്ടായിരുന്നില്ല.
അതിന് പിന്നാലെ അവരെ ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് അഭിഭാഷകർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ച കാര്യം മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ ഉച്ചക്ക് അറിയിച്ചപ്പോഴും വെള്ളിയാഴ്ച പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്.
അതിനിടയിലാണ് മഹിള ബി.ജെ.പി നേതാവ് അടക്കം ഏതാനും പേരുടെ ജഡ്ജി നിയമനത്തിന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തത്. അത് കണ്ട് ഉച്ചക്ക് രണ്ടു മണിക്ക് രാജു രാമചന്ദ്രൻ വീണ്ടും ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തി കേന്ദ്രം അവരെ ജഡ്ജിയായി നിയമിച്ചത് ശ്രദ്ധയിൽപ്പെടുത്തി.
അപ്പോഴാണ് കൊളീജിയം തങ്ങൾക്ക് കിട്ടിയ പരാതി മുഖവിലക്കെടുത്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. മദ്രാസ് ഹൈകോടതി ജഡ്ജി നിയമനത്തിനുള്ള ശിപാർശ തങ്ങൾ കേന്ദ്ര സർക്കാറിന് കൈമാറിയ ശേഷം ചില സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ശിപാർശക്ക് ശേഷമുണ്ടായ സംഭവ വികാസമായതിനാൽ വിഷയം സുപ്രീംകോടതി ചൊവ്വാഴ്ചതന്നെ പരിഗണിക്കുമെന്നും ഉചിതമായ ബെഞ്ചിന് കേസ് വിടുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
വിക്ടോറിയ ഗൗരിക്ക് സമൂഹത്തിലെ ചില വിഭാഗങ്ങളോട് മോശം മനഃസ്ഥിതിയാണെന്നും അതിനാൽ അവർക്ക് പക്ഷപാതമില്ലാതെ പെരുമാറാനാകില്ലെന്നും അഭിഭാഷകരായ അന്ന മാത്യൂസ്, സുധ രാമലിംഗം, ഡി. നാഗശില എന്നിവർ സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു.
അതിനിടെ സുപ്രീംകോടതി മാസങ്ങളായി സമർപ്പിച്ച നിരവധി ശിപാർശകൾ ഇപ്പോഴും നടപടിയെടുക്കാതെ വെച്ചുതാമസിപ്പിക്കുന്ന കേന്ദ്ര സർക്കാർ വിക്ടോറിയ ഗൗരിയെകുറിച്ചുള്ള ചില വിവരങ്ങൾ സുപ്രീംകോടതി കൊളീജിയത്തിൽനിന്ന് മറച്ചുവെച്ചുവെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.