'ഞങ്ങൾ മുസ്ലിംകളുടെ കഴുത്തറുക്കും' -ബി.ജെ.പി നേതാവിന്‍റെ വിദ്വേഷ പ്രസംഗം, കേസെടുക്കാതെ െപാലീസ്
text_fieldsഗുരുഗ്രാം: ഹരിയാനയിലെ ബി.ജെ.പി നേതാവിന്‍റെ വിദ്വേഷ പ്രസംഗത്തിൽ നടപടി സ്വീകരിക്കാതെ പൊലീസ്. നൂറോളം പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി വക്താവ് സുരജ് പാൽ അമുവിന്‍റെ പ്രസംഗം.
'അവർ (മുസ്ലിംകൾ) മീശ മുറിക്കുന്നു. ഞങ്ങൾ കഴുത്തറുക്കും. ഞങ്ങൾ അവർ ഓരോരുത്തരെയായി പിടിക്കും' -എന്നായിരുന്നു സുരജിന്‍റെ പ്രസംഗം. ഹരിയാനയിൽ ബി.ജെ.പി ഭരിക്കുന്ന പട്ടൗഡിയിലെ മഹാപഞ്ചായത്തിൽ പെങ്കടുത്തുകൊണ്ടായിരുന്നു പ്രസംഗം. സുരജിന്‍റെ പ്രസംഗം കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാം.
എന്നാൽ ഇയാൾക്കെതിരെയോ സംഘാടകർക്കെതിരെയോ യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രസംഗത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.
സുരജിന്‍റെ പ്രസംഗം ഇന്ത്യൻ ശിക്ഷ നിയമം 153 എ, ബി വകുപ്പുകൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമവിദഗ്ധർ പറയുന്നു. മൂന്നുവർഷം തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും ലഭിക്കാവുന്ന കുറ്റമാണ്.
വിഡിയോയെക്കുറിച്ച് വിവരം ലഭിച്ചതായും എന്നാൽ പരാതികൾ ലഭിക്കാത്തതിനാൽ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു മനേസർ ഡി.സി.പി വരുൺ സിങ്ക്ളയുടെ പ്രതികരണം.
എന്നാൽ, വിദ്വേഷ പ്രസംഗത്തിനെതിരെ സ്വമേധയാ കേസെടുക്കാനും കോടതി വാറണ്ടില്ലാതെ അറസ്റ്റ് രേഖപ്പെടുത്താനും സാധിക്കുമെന്ന് നിയമവിദഗ്ധർ പറയുന്നു.
വിശ്വ ഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ, പ്രാദേശിക പശു സംരക്ഷകർ, ഗ്രാമ പ്രമുഖർ തുടങ്ങിയവരാണ് പരിപാടിയുടെ സംഘാടകർ. അടുത്തിടെ ലവ് ജിഹാദ്, മാർക്കറ്റ് ജിഹാദ്, ഭൂമി ജിഹാദ്, മതംമാറ്റം എന്നിവ ഗ്രാമത്തിൽ വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാ പഞ്ചായത്ത് സംഘടിപ്പിച്ചതെന്നായിരുന്നു സംഘാടകരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.