സ്വന്തം താൽപര്യങ്ങൾക്കായി ലഷ്കറെ ത്വയിബയുമായും താക്കറെ സഖ്യമുണ്ടാക്കും - മഹാരാഷ്ട്ര മുഖ്യമന്ത്രി
text_fieldsമുംബൈ: സ്വന്തം താൽപര്യങ്ങൾക്കായി ലഷ്കറെ ത്വയിബയുമായും ശിവസേന(യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ സഖ്യമുണ്ടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ദസ്റയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ആസാദ് മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.ലഷ്കറെ ത്വയിബയുമായും ഹമാസുമായും സഖ്യമുണ്ടാക്കാൻ ഉദ്ധവ് മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
2004ൽ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറിന്റെ പ്രതിമയിൽ അടിക്കാൻ താൻ ചെരുപ്പ് വാങ്ങിയെന്നാണ് ശിവസേന സ്ഥാപകൻ ബാൽ താക്കറെ പറഞ്ഞത്. എന്നാൽ, ഇന്ന് ശിവേസന ഉദ്ധവ് താക്കറെ വിഭാഗം കോൺഗ്രസിന്റെ ചെരിപ്പെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർസേവകരെ വെടിയുണ്ടകൾ കൊണ്ട് നേരിട്ട സമാജ്‍വാദി പാർട്ടിയുമായും ഉദ്ധവ് സഖ്യമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ മോഹൻ ഭാഗവത് ഇൻഡ്യയെ പിന്തുണക്കണമെന്ന് ശിവസേന( യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയെ മുന്നോട്ട് പോകാൻ അനുവദിക്കാത്ത ചിലർ ഇവുടെയുണ്ടെന്നും അവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നുമുള്ള ആർ.എസ്.എസ് മേധാവിയുടെ പരാമർശത്തിന് മറുപടിയുമായാണ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്.
"രാജ്യത്തിന്റെ ജനാധിപത്യം ഇന്ന് അപകടത്തിലാണ്. വ്യത്യസ്ത ആശയങ്ങൾ വഹിക്കുന്ന ആളുകൾ ഇൻഡ്യ സഖ്യത്തിൽ ചേരുകയും ഏകാധിപത്യത്തിനെതിരെ പോരാടാൻ ശ്രമിക്കുകയും ചെയ്യുന്നു. മോഹൻ ഭാഗവത് രാഷ്ട്രത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ ഇന്ത്യൻ സഖ്യത്തെ പിന്തുണക്കണം" - റാവുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.