രാജിവെക്കാത്ത കെജ്രിവാളിനെ പുറത്താക്കാനാവുമോ? അറസ്റ്റിലൂടെ ഭരണഘടനാ പ്രതിസന്ധിയും
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പദവിയിലിരിക്കേ, അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത് ഭരണഘടനാ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. കെജ്രിവാൾ രാജിവെക്കാനോ മറ്റൊരാൾ ചുമതലയേൽക്കാനോ തയാറല്ലെന്നും ജയിലിൽ അയച്ചാൽ അവിടെയിരുന്ന് മുഖ്യമന്ത്രിയുടെ ചുമതല അദ്ദേഹം നിർവഹിക്കുമെന്നുമാണ് ആം ആദ്മി പാർട്ടി വ്യക്തമാക്കിയത്. അതല്ല, അറസ്റ്റിലായ കെജ്രിവാളിനെ പുറത്താക്കാൻ കേന്ദ്രം ഒരുങ്ങുമോ? മുഖ്യമന്ത്രിയെ പുറത്താക്കിയാൽ മന്ത്രിസഭ തന്നെ ഇല്ലാതാകും. ആം ആദ്മി പാർട്ടി സർക്കാറിനെ പുറത്താക്കിയതിനു തുല്യമായി അതു മാറും. ഫലത്തിൽ അറസ്റ്റ് വലിയൊരു ഭരണഘടനാ പ്രശ്നം കൂടിയായി വളർന്നു. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ ഹരജി ഡൽഹി ഹൈകോടതി തള്ളിയതിനെതിരെ ആപ് അടിയന്തരമായി സുപ്രീംകോടതിയിലേക്ക് നീങ്ങുകയുമാണ്.
ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ കേന്ദ്ര അന്വേഷണ ഏജൻസി രാജിവെക്കാൻ അവസരം നൽകിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഗവർണറെ കാണാൻ അനുവദിക്കുകയും രാജിവെച്ചശേഷം അറസ്റ്റു നടത്തുകയും ചെയ്തു. എന്നാൽ, രാജിവെക്കാൻ തയാറല്ലെന്ന് പ്രഖ്യാപിച്ച കെജ്രിവാളിനെ ബലാൽക്കാരമായി രാജിവെപ്പിക്കാൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് കെജ്രിവാളിനെ ഇ.ഡി സംഘം കൊണ്ടുപോകാൻ വൈകിയതിൽ ഇതും പ്രധാന ഘടകമായി. കോടതി ശിക്ഷിക്കുകയോ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കേ തന്നെയാണ് ഇതാദ്യമായി രാജ്യത്ത് ഒരു മുഖ്യമന്ത്രി ഇതാദ്യമായി അറസ്റ്റിലാവുന്നത്.
കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിയും ബി.ജെ.പിയുമായുള്ള പതിറ്റാണ്ടുനീണ്ട ഏറ്റുമുട്ടൽ മറ്റൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ് അറസ്റ്റ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ഏതാണ്ട് ഒപ്പം തന്നെയാണ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായത്. പൂർണ സംസ്ഥാന പദവി തുടങ്ങി നിരവധി വിഷയങ്ങളിൽ മോദി സർക്കാറിന്റെ കണ്ണിലെ കരടായി ആപ് മാറി. കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം തകർത്ത് അധികാരം പിടിച്ച കെജ്രിവാളിനോടുള്ള എതിർപ്പുകൾ മാറ്റിവെച്ച് ആപ്-കോൺഗ്രസ് സഖ്യം ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത് ബി.ജെ.പിക്ക് അപ്രതീക്ഷിതമായി. കെജ്രിവാളിനെ അറസ്റ്റു ചെയ്തതിനെതിരെ കോൺഗ്രസും മറ്റ് ഇൻഡ്യ മുന്നണി കക്ഷികളും ശക്തമായി രംഗത്തുവന്നിരിക്കുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.