കോവിഡ് ഇല്ലാത്തവരെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ?; വിദഗ്ധരുടെ മറുപടി ഇതാണ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികൾക്കിടയിൽ ബ്ലാക്ക് ഫംഗസ് ബാധ കൂടി വരികയാണ്. ഈ സാഹചര്യത്തിൽ കോവിഡ് ഇല്ലാത്ത ആളുകൾക്ക് ബ്ലാക്ക് ഫംഗസ് ബാധ വരുമോ എന്ന സംശയം സ്വാഭാവികമായും എല്ലാവർക്കുമുണ്ടാകാം.
കോവിഡ് ബാധിതരല്ലാത്തവർക്കും ബ്ലാക്ക് ഫംഗസ് ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. രക്തത്തിൽ ഉയർന്ന പഞ്ചസാരയുടെ അളവുള്ള വ്യക്തികൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
'കോവിഡിനും മുമ്പുണ്ടായിരുന്ന അണുബാധയാണിത്. ബ്ലാക്ക് ഫംഗസ് പ്രമേഹ രോഗികളെ ബാധിക്കുന്നു എന്നാണ് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. അനിയന്ത്രിതമായ പ്രമേഹമുള്ളരാണ് ജാഗ്രത പാലിക്കേണ്ടത്. അനിയന്ത്രിതമായ പ്രമേഹവും മറ്റ് ചില പ്രധാന രോഗങ്ങളും കൂടിച്ചേർന്ന് ബ്ലാക്ക് ഫംഗസ് ബാധയിലേക്ക് നയിക്കാം' -നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
ബ്ലാക്ക് ഫംഗസ് ബാധിക്കുന്ന ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 700-800 വരെ എത്തുന്നുവെന്ന് ഡോ. പോൾ പറഞ്ഞു. ഇത് വൈദ്യശാസ്ത്രപരമായി ഡയബറ്റിക് കെറ്റോഅസിഡോസിസ് എന്നാണ് അറിയപ്പെടുന്നത്. ബ്ലാക്ക് ഫംഗസ് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്നത് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾ മാത്രം ബ്ലാക്ക് ഫംഗസിനെ പേടിച്ചാൽ മതിയെന്നും ആരോഗ്യമുള്ള വ്യക്തികൾ ഭയക്കേണ്ടതില്ലെന്നും ഡൽഹി എയിംസിലെ ഡോ. നിഖിൽ ടണ്ഡൻ പറഞ്ഞു.
'മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കോവിഡ് വകഭേദം ആദ്യ തരംഗത്തെ അപേക്ഷിച്ച് പ്രതിരോധശേഷിയെ കൂടുതലായി ആക്രമിച്ചിരിക്കാം. അതിനാലാണ് ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനുപുറമെ, ഈ തരംഗത്തിൽ സ്റ്റിറോയിഡുകളുടെ വ്യാപകമായ ഉപയോഗവും ഉണ്ടായിട്ടുണ്ട്. എന്നാൽ ശരിയായ അന്വേഷണം കൂടാതെ ഒന്നും കൃത്യമായി പറയാൻ കഴിയില്ല'-ഡോ. ടണ്ഡൻ പറഞ്ഞു.
ഞായറാഴ്ച ഹരിയാനയിലെ ബ്ലാക്ക് ഫംഗസ് കേസുകളുടെ എണ്ണം 398 ആയി ഉയർന്നിരുന്നു. കേരളത്തിൽ നാല് ബ്ലാക്ക് ഫംഗസ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡ് രോഗത്തെ സാംക്രമികരോഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.