ടി.എം. കൃഷ്ണക്ക് എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം നൽകാം; ഉത്തരവിട്ട് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണക്ക് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം നൽകാമെന്ന് മദ്രാസ് ഹൈകോടതി. പുരസ്കാരം നൽകിയത് വിലക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.
എം.എസ്. സുന്ദർ, പി. ധനബാൽ എന്നിവരടങ്ങിയ രണ്ടാം ഡിവിഷൻ ബെഞ്ചാണ് പുരസ്കാരം നൽകാമെന്ന ഉത്തരവിറക്കിയത്. ടി.എം. കൃഷ്ണക്ക് പുരസ്കാരം നൽകുന്നതിന് എതിരെ സുബ്ബലക്ഷ്മിയുടെ പേരക്കുട്ടി വി. ശ്രീനിവാസൻ ആയിരുന്നു ഹരജി നൽകിയത്.
ഈ ഹരജി പരിഗണിച്ച മദ്രാസ് ഹൈകോടതി സിംഗിൾ ഡിവിഷൻ ബെഞ്ച് പുരസ്കാരം നൽകുന്നത് റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് ജി. ജയചന്ദ്രന്റതായിരുന്നു ഇടക്കാല ഉത്തരവ്. മദ്രാസ് സംഗീത അക്കാദമിയും ദ ഹിന്ദുവും ചേർന്നാണ് ടി.എം. കൃഷ്ണക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. സുബ്ബലക്ഷ്മിയുടെ വിമർശകൻ ആയിരുന്നു ടി.എം. കൃഷ്ണ. അതിനാൽ പുരസ്കാരം ടി.എം. കൃഷ്ണക്ക് നൽകുന്നത് സുബ്ബലക്ഷ്മിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കാണിച്ചാണ് ശ്രീനിവാസൻ ഹൈകോടതിയെ സമീപിച്ചത്. ഉയർന്ന ജാതിയിൽ പിറന്നതു കൊണ്ടാണ് സുബ്ബലക്ഷ്മിക്ക് ലഭിച്ച നേട്ടങ്ങളത്രയും എന്നാണ് ടി.എം. കൃഷ്ണ ആരോപണമുയർത്തിയിരുന്നത്.
സംഗീത കലാനിധി എം എസ് ' എന്ന പേരിൽ ഒരു ലക്ഷം രൂപ സമ്മാനമായി നൽകുന്നതിൽ നിന്ന് മ്യൂസിക് അക്കാദമിക്കും ദി ഹിന്ദുവിനും സിംഗിൾ ജഡ്ജി നൽകിയ ഇടക്കാല വിലക്കാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നീക്കിയത്. സുബ്ബലക്ഷ്മിയുടെ പേരിൽ അവാർഡ് നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള ശ്രീനിവാസന്റെ ഹർജി തള്ളണമെന്ന് മ്യൂസിക് അക്കാദമിയും ഹർജി നൽകിയിരുന്നു. ഈ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി.
2005ൽ ഹിന്ദു ഗ്രൂപ്പാണ് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിൽ പുരസ്കാരമേർപ്പെടുത്തിയത്. ഒരോ വർഷവും പുരസ്കാരത്തിന്റെ ഭാഗമായി സംഗീത കലാനിധി അവാർഡ് ജേതാവിനെ പ്രഖ്യാപിക്കും. മ്യൂസിക് അക്കാദമിയാണ് ജേതാവിനെ തെരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.