മുത്തലാഖ് ഇസ്ലാമിന് അവിഭാജ്യമല്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: മുത്തലാഖ് ഇസ്ലാമിന് അവിഭാജ്യമായൊരു സമ്പ്രദായമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. രാജ്യത്തെ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിലുള്ള വടംവലി വിഷയമായും മുത്തലാഖിനെ കാണരുത്. യഥാർഥത്തിൽ തർക്കം മുസ്ലിം പുരുഷന്മാരും സ്ത്രീകളും തമ്മിലാണെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി അറ്റോണി ജനറൽ മുകുൾ രോഹതഗി അഞ്ചംഗ ഭരണഘടന ബെഞ്ച് മുമ്പാകെ വാദിച്ചു.
സമുദായത്തിലെ പുരുഷന്മാരുടെ ആധിപത്യ മനോഭാവത്തെ നൂറ്റാണ്ടുകളായി സ്ത്രീകൾ ചോദ്യം ചെയ്യുന്നുണ്ട്. പുരുഷന്മാർ കരുത്തന്മാരാണ്. േമധാവിത്വമുണ്ട്. വിദ്യാഭ്യാസമുണ്ട്. കുടുംബത്തിലേക്ക് വരുമാനം ഉണ്ടാക്കുന്നതും അവരായിരിക്കാം. അതേസമയം, സ്ത്രീകൾക്ക് ഭയപ്പാടുണ്ട്. ദുർബലരാണ്. തൊഴിലില്ല. മുസ്ലിംകൾക്കിടയിൽ ഉള്ളവനും ഇല്ലാത്തവരും തമ്മിലുള്ള പോരാട്ടമാണിത്. ന്യൂനപക്ഷങ്ങൾക്കിടയിലാണ് പോരാട്ടം. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ ന്യൂനപക്ഷങ്ങൾക്കുമേൽ മേധാവിത്വം നേടാൻ നടത്തുന്ന ശ്രമമായി അതിനെ കാണരുത് -അറ്റോണി ജനറൽ പറഞ്ഞു.
1,400 വർഷം പഴക്കമുള്ള ആചാരവും വിശ്വാസവുമാണെന്നും അതിൽ കോടതിയോ സർക്കാറോ ഇടപെടാൻ പാടില്ലെന്നുമുള്ള മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ വാദം അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ നിലപാെടടുത്തു. പുരുഷമേധാവിത്വം അവസാനിപ്പിക്കാൻ സുപ്രീംകോടതിയേക്കാൾ സർക്കാർ നിയമനിർമാണത്തിന് മുന്നിട്ടിറങ്ങുകയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ ഇൗ ഘട്ടത്തിൽ എ.ജിയോട് പറഞ്ഞു.
കേന്ദ്രം ചെയ്യേണ്ടതു ചെയ്യുമെന്നായിരുന്നു രോഹതഗിയുടെ മറുപടി. എന്നാൽ, കോടതി എന്തു ചെയ്യുമെന്നതാണ് ചോദ്യം. നിയമനിർമാണത്തിനു കാത്തുനിൽക്കാതെ പരിഷ്കരണം തുടങ്ങുകയാണ് ഒരു മതേതര കോടതിയുടെ ഉത്തരവാദിത്തം. മതസ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്ന ഭരണഘടനയുടെ 25ാം അനുച്ഛേദം മൗലികാവകാശത്തിന് വിധേയമാണ്. വ്യക്തിനിയമങ്ങളെയും ആചാരങ്ങളെയും വെറുതെ വിടാൻ ഭരണഘടന പറയുന്നുണ്ടെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. ഒരാളുടെ മതം ഏതായാലും സംരക്ഷിക്കുമെന്ന് ഭരണഘടന പറയുന്നുണ്ടെന്നായി അറ്റോണി ജനറൽ. അതേസമയം, വ്യക്തിനിയമ രീതികളും മൗലികാവകാശം, തുല്യത, അന്തസ്സ് എന്നിവയുമായി ചേരുന്നില്ലെങ്കിൽ, വ്യക്തിനിയമ ആചാരങ്ങൾ മാറണം. മതേതരവും ബഹുസ്വരവുമാണ് ഭരണഘടന. മതത്തിന് മുത്തലാഖ് ആവശ്യമാണെന്ന വാദം അറ്റോണി ജനറൽ തള്ളി. അധാർമികമായ ഒരു കാര്യം മതത്തിെൻറ അവിഭാജ്യ ഭാഗമാകുന്നതെങ്ങനെ? മുത്തലാഖ് ഉപേക്ഷിച്ച പല രാജ്യങ്ങളിലും ഒരു പ്രശ്നവും ഉണ്ടായില്ല. സതിയും ദേവദാസി സമ്പ്രദായവും ഇല്ലാതായിട്ടും ഹൈന്ദവത നിലനിൽക്കുന്നു.
ഇൗ സമ്പ്രദായങ്ങൾ ഇല്ലാതാക്കിയത് കോടതിയല്ല, നിയമനിർമാണം വഴിയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മുത്തലാഖിെൻറ മൂന്നു രൂപങ്ങളും സുപ്രീംകോടതി അസാധുവാക്കിയാൽ പുതിയ മുസ്ലിം വിവാഹമോചന നിയമം കൊണ്ടുവരാമെന്ന സർക്കാർ നിലപാട് ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ ഇൗ ഘട്ടത്തിൽ എടുത്തുപറഞ്ഞു. കോടതി അങ്ങനെ ചെയ്താൽ കോടതിയുടെ പങ്ക് കഴിഞ്ഞു. അപ്പോൾ നിയമവും ചട്ടവും കൊണ്ടുവരേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിനുവേണ്ടി മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നായി അറ്റോണി ജനറൽ. എന്നാൽ, സർക്കാറിനു വേണ്ടിയാണ് താൻ സംസാരിക്കുന്നത്. പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ തയാറാണെന്ന കാര്യം കോടതിയെ അറിയിക്കാനാണ് തന്നെ ചുമതലപ്പെടുത്തിയിട്ടുള്ളത്. മതേതര ഭരണഘടന മുൻനിർത്തി മുത്തലാഖിെൻറ നിയമസാധുത പരിശോധിക്കുന്നതിൽനിന്ന് സുപ്രീംകോടതി ഒഴിഞ്ഞുമാറരുത്.
വിവാഹസമയത്ത് മുത്തലാഖ് സ്വീകാര്യമോ അല്ലയോ എന്ന സ്ത്രീയുടെ അഭിപ്രായം രേഖപ്പെടുത്തുന്നവിധം ഒരു നിർദേശം ബന്ധപ്പെട്ടവർക്ക് നൽകാൻ വ്യക്തിനിയമ ബോർഡിന് സാധിക്കുമോ എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ബോർഡ് അംഗങ്ങളുമായി കൂടിയാലോചിച്ചശേഷം മറുപടി പറയാമെന്ന് ബോർഡിെൻറ അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. മുത്തലാഖ്, മുസ്ലിം സമുദായത്തിൽ വളരെ ചെറിയൊരു കൂട്ടർ മാത്രം കൊണ്ടുനടക്കുന്ന രീതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.