തുണി മാസ്കുകൾ ഒമിക്രോണിനെ തടയുമോ? വിദഗ്ധർ പറയുന്നത് ഇങ്ങിനെയാണ്
text_fieldsകൊറോണ വൈറസ് പുതിയ വകഭേദമായ ഒമിക്രോണിൽ എത്തിനിൽക്കുമ്പോഴും മാസ്കുകളുടെ ഉപയോഗത്തിൽ അലസരാണ് നാമെന്നതാണ് വാസ്തവം. കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുകയും ലോകം മഹാമാരിയുടെ മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലും ജനം ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുന്നില്ല. ആർക്കോ വേണ്ടി മാസ്ക് വച്ചു പോകുന്നവരും, പോലീസിനെ കാണുമ്പോൾ മാത്രം താടിക്ക് താഴെയുള്ള മാസ്ക് ധൃതിയിൽ കയറ്റിവെക്കുന്നവരും, എനിക്കിതൊന്നും ബാധകമല്ലെന്ന മട്ടിൽ മാസ്ക് വയ്ക്കുകപോലും ചെയ്യാതെ മാറിനടക്കുന്നവരെയുമാണ് നിരത്തുകളിൽ കാണാനാവുക. മാസ്ക് ധരിക്കുന്നവരിൽ തന്നെ, ഗൗരവം മനസ്സിലാക്കി മുഖത്തിടുന്നവർ വളരെ ചുരുക്കമാണ്.
മാസ്ക് ധരിക്കേണ്ടത് സുപ്രധാനം
മാസ്‌ക് ഉപയോഗിക്കലും ശുചിത്വവും സാമൂഹിക അകലവും തന്നെയാണ് ഒമിക്രോണിനെ പടിക്ക് പുറത്താക്കാൻ ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന വഴികൾ. രണ്ട് വർഷത്തിലേറെയായി മാസ്‌ക് മനുഷ്യരുടെ ശീലങ്ങളിലൊന്നായി മാറിയിട്ടുണ്ട്. തുണി മാസ്ക് എത്രത്തോളം കൊറോണയെ പ്രതിരോധിക്കുമെന്ന് അറിയില്ലെങ്കിലും അവ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നു എന്നതാണ് സത്യം. എന്നാൽ, ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ നിർദേശിക്കുന്നത് തുണി മാസ്‌ക് പാടേ ഒഴിവാക്കാനാണ്.
കോവിഡ് ബാധിച്ചയാൾ സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവന്ന് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന സൂക്ഷ്മ കണികകളെ പ്രതിരോധിക്കാൻ ഒരു പാളി മാസ്ക് ഫലപ്രദമാകില്ലെന്നും രണ്ട് അല്ലെങ്കിൽ മൂന്ന് പാളികളുള്ള മാസ്ക് ഉപയോഗിക്കണമെന്നുമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പുതിയ കൊറോണ വകഭേദത്തെ പ്രതിരോധിക്കാൻ ഒരുപാളിയുള്ള തുണി മാസ്കിനൊപ്പം ഒരു സർജിക്കൽ മാസ്കും ഉപയോഗിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തുണി മാസ്‌ക് ഉപയോഗിക്കുന്നവരാണെങ്കിൽ അതിനൊപ്പം തന്നെ മറ്റൊരു സർജിക്കൽ മാസ്ക് കൂടി വയ്ക്കുന്ന ഇരട്ട മാസ്കിങ് അധിക സംരക്ഷണം നൽകുമെന്നും അവർ പറയുന്നു.
സി.ഡി.സി എന്താണ് പറയുന്നത്?
യു.എസ് ആസ്ഥാനമായുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പുറപ്പെടുവിച്ച ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പൂർണമായും വാക്സിനേഷൻ എടുക്കാത്ത രണ്ട് വയസോ അതിൽ കൂടുതലോ ഉള്ള എല്ലാവരും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. 'തുണി മാസ്‌ക് ധരിക്കുന്നവർ നിർബന്ധമായും അതിനടിയിൽ ഡിസ്‌പോസിബിൾ മാസ്‌ക് ധരിക്കണം. ഇത്തരം ഡബിൾ ലേയറുകൾ മാത്രമാണ് ഒമിക്രോണിനെതിരേ ഫലപ്രദമാവുക. പുനരുപയോഗിക്കാവുന്ന മാസ്‌കുകൾ വൃത്തിഹീനമായാലുടൻ കഴുകണം, അല്ലെങ്കിൽ ദിവസത്തിൽ ഒരിക്കലെങ്കിലും കഴുകണം. ഡിസ്പോസിബിൾ ഫേസ് മാസ്ക് ഉണ്ടെങ്കിൽ, ഒരിക്കൽ അത് ധരിച്ച ശേഷം വലിച്ചെറിയുക'-സി.ഡി.സി അധികൃതർ പറയുന്നു.
N 95 മാസ്കുകൾ;
N 95 മാസ്കുകൾ വായുവിലെ 95 ശതമാനം കണികകളെയും ഉള്ളിലേക്ക് കടത്തിവിടാത്ത രീതിയിൽ മുഖത്ത് ദൃഡമായി നിൽക്കുകയാണ് ചെയ്യുന്നത് .ഇറുക്കം കാരണം തുണി മാസ്കിനെക്കാൾ ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം. എങ്കിലും, അവ കൂടുതൽ സംരക്ഷണം നൽകുമെന്നതിൽ സംശയമില്ല. മുഖരോമങ്ങൾ ഉണ്ടെങ്കിലോ ഏതെങ്കിലും തരത്തിലുള്ള ശ്വസന പ്രശ്‌നങ്ങൾ ഉണ്ടെങ്കിലോ N95 മാസ്‌ക് ധരിക്കരുതെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞിട്ടുണ്ട്.
മുമ്പത്തെ വൈറസുകളെക്കാൾ വളരെ വേഗത്തിൽ ഒമിക്രോണിന് വ്യാപിക്കാൻ കഴിയുന്നതിനാൽ, മാസ്ക് ധരിക്കുന്നത് ഇപ്പോൾ മുഖ്യമാണ്. എന്നാൽ മാസ്കിന്റെ നിലവാരമാണ് അതിലും പ്രധാനം .കഠിനമായ അസുഖം, രോഗികൾക്കിടയിലെ മരണങ്ങൾ, വായു മലിനീകരണം എന്നിവയ്‌ക്കെതിരെ എൻ 95 മാസ്ക് ഉയർന്ന സംരക്ഷണം നൽകും. അലർജി, ആസ്ത്മ, ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ മറ്റേതെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ എൻ 95 മാസ്ക് ഉപയോഗിക്കണമെന്ന് ഡോ.അനുപം സിബൽ പറഞ്ഞു. കൊറോണക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടത്തിൽ മാസ്കിനും വാക്‌സിനും ഒരുപോലെ പ്രാധാന്യമുണ്ടെന്നു ആരോഗ്യ പരിപാലന വിദഗ്ധർ ചൂണ്ടികാട്ടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.