16 പേർ മരിച്ച ബസപകടം: കുറ്റക്കാരനായ ഇന്ത്യൻ വംശജനെ കാനഡ നാടുകടത്തും; അപ്പീൽ ഹരജി തള്ളി
text_fieldsഒട്ടാവ: 2018ൽ ഹോക്കി ടീം അംഗങ്ങളടക്കം 16 പേരുടെ മരണത്തിന് ഇടയാക്കിയ ഹംബോൾട്ട് ബ്രോങ്കോസ് ബസപകടത്തിലെ പ്രതിയായ ഇന്ത്യൻ വംശജനെ നാടുകടത്താനുള്ള കാനഡയുടെ തീരുമാനത്തിനെതിരായ അപ്പീൽ ഹരജി തള്ളി. ജസ്കിരത് സിങ് സിദ്ദു നൽകിയ ഹരജിയാണ് കനേഡിയൻ കോടതി തള്ളിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ സമ്മതിച്ച ട്രക്ക് ഡ്രൈവർ കാനഡയിൽ തുടരാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കോടതിയെ സമീപിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എട്ടു വർഷം തടവുശിക്ഷയാണ് സിദ്ദുവിന് വിധിച്ചത്. സിദ്ദുവിന് പരോൾ അനുവദിച്ചിരുന്നു. എന്നാൽ, പ്രതിയെ നാടുകടത്താൻ കാനഡ ബോർഡർ സർവീസസ് ഏജൻസി ശിപാർശ ചെയ്തു.
2018 ഏപ്രിൽ ആറിനാണ് സസ്‌കാച്ചെവാനിലെ ആംലിയിൽ സസ്‌കാച്ചെവൻ ഹൈവേ 35ഉം ഹൈവേ 335ഉം കൂടിച്ചേരുന്ന ജങ്ഷനിലാണ് അപകടമുണ്ടായത്. ജങ്ഷനിൽ വാഹനം നിർത്താനുള്ള ട്രാഫിക് മുന്നറിയിപ്പ് മറികടന്നു പോയ സിദ്ദുവിന്‍റെ ട്രക്ക് പ്ലേഓഫ് മത്സരത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ജൂനിയർ ഹോക്കി ടീമിന്‍റെ ബസിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 16 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2008 മുതൽ 2012 വരെ ചണ്ഡിഗഡിൽ പഠനം പൂർത്തിയാക്കിയ സിദ്ദു 2013ൽ പഠന വിസയിലാണ് കാനഡയിലെത്തിയത്. അപകടം സംഭവിക്കുന്നതിന് ഒരു മാസം മുമ്പാണ് സിദ്ദു ഡ്രൈവർ ജോലിയിൽ പ്രവേശിപ്പിച്ചത്. അപകടകരമായ ഡ്രൈവിങ്ങിനെ തുടർന്ന് മരണം സംഭവിച്ചാൽ 14 വർഷം വരെ പരമാവധി ശിക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.