'കാളി' പോസ്റ്റർ വിവാദം: ഇന്ത്യൻ ഹൈക്കമീഷന്റെ പരാതിയെ തുടർന്ന് കാനഡ മ്യൂസിയം മാപ്പ് പറഞ്ഞു
text_fieldsടൊറന്റോ: സംവിധായക ലീന മണിമേഖലയുടെ പുകവലിക്കുന്ന കാളി ദേവിയുടെ പോസ്റ്റർ വിവാദമായതിന് പിന്നാലെ ഹിന്ദുക്കൾക്കും മറ്റ് മതവിശ്വാസികൾക്കും സംഭവിച്ച അപമാനത്തിൽ ഖേദ പ്രകടനവുമായി കാനഡയിലെ ആഗാഖാൻ മ്യൂസിയം. സംഭവം വിവാദമായതോടെ ചിത്രത്തിന്‍റെ പോസ്റ്റർ നീക്കം ചെയ്യണമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമീഷൻ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.
ടൊറന്റോ മെട്രോപൊളിറ്റൻ യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച 'അണ്ടർ ദി ടെന്‍റ്' എന്ന പ്രോജക്റ്റിന് കീഴിൽ വൈവിധ്യമാർന്ന വംശീയ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ സൃഷ്ടികൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു. കലയിലൂടെ സാംസ്കാരിക ധാരണയും സംവാദവും വളർത്തിയെടുക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും മ്യൂസിയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ആഗാ ഖാൻ മ്യൂസിയത്തിലെ അണ്ടർ ദി ടെന്റ് പദ്ധതിയുടെ ഭാഗമായി പ്രദർശിപ്പിച്ച ചിത്രത്തിന്റെ പോസ്റ്ററിൽ ഹിന്ദു ദൈവങ്ങളെ അനാദരവോടെ ചിത്രീകരിച്ചതായി കാനഡയിലെ ഹിന്ദു സമുദായ നേതാക്കളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ഹൈക്കമീഷൻ പറഞ്ഞു. ഇത്തരത്തിൽ പ്രകോപനകരമായ എല്ലാ കാര്യങ്ങളും പിൻവലിക്കാൻ കനേഡിയൻ അധികൃതരോടും ഇവന്റ് സംഘാടകരോടും ഞങ്ങൾ അഭ്യർഥിക്കുന്നതായി ഇന്ത്യൻ ഹൈകമീഷൻ പറഞ്ഞു.
കാളി ദേവിയുടെ രൂപത്തിൽ സിഗരറ്റ് വലിക്കുന്ന സ്ത്രീ എൽ.ജി.ബി.ടി.ക്യൂ കമ്മ്യൂനിറ്റിയുടെ പതാകയുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. അതേസമയം പോസ്റ്ററിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംവിധായകക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.