ജയ്പുരിൽ വിദ്വേഷ പ്രചാരകന്റെ സ്ഥാനാർഥിത്വം;തീരുമാനം പിൻവലിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: നിരന്തരം തീവ്ര ഹിന്ദുത്വ വിദ്വേഷ പ്രചാരണം നടത്തുന്നയാളെ രാജസ്ഥാനിലെ ജയ്പുരിൽ സ്ഥാനാർഥിയാക്കിയതിനെതിരെ പാർട്ടിയിലുയർന്ന വ്യാപക എതിർപ്പിനെ തുടർന്ന് സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ്. കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും അവഹേളിക്കുന്ന ‘ജയ്പുർ ഡയലോഗ്സ്’ ചാനലിന്റെ പങ്കാളിയും ഡയറക്ടറുമായ സുനിൽ ശർമക്കാണ് സീറ്റ് നൽകിയത്. ഇതിനെതിരെ പ്രവർത്തക സമിതി അംഗം ശശി തരൂർ അടക്കമുള്ള നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയതേടെയാണ് പാർട്ടി നേതൃത്വം തീരുമാനം പിൻവലിച്ചത്. രാജസ്ഥാൻ മുൻ മന്ത്രി പ്രതാപ് സിങ് ഖചാരിയവാസാണ് പുതിയ സഥാനാർഥി.
‘ജയ്പുർ ഡയലോഗ്സ്’ നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെയും കോൺഗ്രസ് അവഹേളനത്തിന്റെയും പോസ്റ്റുകൾ പങ്കുവെച്ച് ജയ്പുരിൽ സുനിൽ ശർമയുടെ സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട് നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
ഫാക്ട് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറാണ് സുനിൽ ശർമയുടെ പശ്ചാത്തലം ‘എക്സി’ലൂടെ പൊളിച്ചടുക്കിയത്. ‘ജയ്പുർ ഡയലോഗ്സു’മായുള്ള ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാതെ സുനിൽ ശർമ എഴുന്നേറ്റോടുന്ന വിഡിയോ പങ്കുവെച്ചായിരുന്നു സുബൈറിന്റെ ‘എക്സ്’ പോസ്റ്റ്. അതിന് നിഷേധവുമായി സുനിൽ ശർമ രംഗത്തുവന്നുവെങ്കിലും കൂടുതൽ തെളിവുകളായി സുബൈറും നേരിട്ടു. ഇതോടെ ശർമയെ പിൻവലിക്കണമെന്ന് കോൺഗ്രസ് ഹാൻഡിലുകൾതന്നെ ആവശ്യപ്പെട്ടുതുടങ്ങി.
സുബൈറിന്റെ പോസ്റ്റ് ശരിവെക്കുകയും പങ്കുവെക്കുകയും ചെയ്ത് കോൺഗ്രസിന്റെ തിരുവനന്തപുരത്തെ സ്ഥാനാർഥികൂടിയായ ശശി തരൂർ രംഗത്തുവന്നു. 24 അക്ബർ റോഡിലേക്കുള്ള വഴിയിൽ സെന്റ് പോളിനുണ്ടായതുപോലെ വല്ല ദിവ്യ വെളിപാടും സുനിൽ ശർമക്ക് ഉണ്ടായിക്കാണും എന്ന പരിഹാസത്തോടെയായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്. സുനിൽ ശർമയുടെ ‘ജയ്പുർ ഡയലോഗ്സ്’ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തിയ ഒരു ഡസനോളം ആക്രമണങ്ങളുടെ സാമ്പ്ൾ എന്നു പറഞ്ഞ് ഒരു പോസ്റ്റും തരൂർ പങ്കുവെച്ചു. രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയത്തിലേക്കു നയിച്ച അശോക് ഗെഹ് ലോട്ടിന്റെ താൽപര്യപ്രകാരമാണ് വലതുപക്ഷ വിദ്വേഷ പ്രചാരകന് സീറ്റ് നൽകിയത് എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
കനയ്യക്കായി സി.പി.ഐയുമായി തർക്കം
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നിതീഷ് കുമാർ മറുകണ്ടം ചാടിയ ബിഹാറിൽ അവശേഷിക്കുന്ന ഘടകകക്ഷികളെ ചേർത്തുനിർത്തേണ്ട നേരത്ത് അവരുമായി കൊമ്പുകോർക്കാൻ അവസരമുണ്ടാക്കിയിരിക്കുകയാണ് കോൺഗ്രസ്. ഇൻഡ്യ ഘടകകക്ഷിയായ സി.പി.ഐക്ക് അനുവദിച്ച ബേഗുസരായി മണ്ഡലത്തിൽ സി.പി.ഐയിൽനിന്ന് കോൺഗ്രസിലേക്കു കൂടുമാറിയ കനയ്യ കുമാറിനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം സഖ്യത്തിൽ വിള്ളലിന് കാരണമായി.
സി.പി.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി. രാജ തേജസ്വി യാദവിനെ നേരിൽ കണ്ട് ചർച്ച നടത്തി ബേഗുസരായിയിൽ അവ്ധേശ് റായിയെ പാർട്ടി സ്ഥാനാർഥിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ കനയ്യ കുമാറിനായി ഇക്കുറി ഈ സീറ്റ് നൽകണമെന്ന ആവശ്യം തേജസ്വിയും ലാലുവും അംഗീകരിച്ചിട്ടില്ല.
പപ്പു യാദവിനുവേണ്ടി ലാലുവുമായി നേർക്കുനേർ
ലാലുവുമായി ഉടക്കിപ്പിരിഞ്ഞുണ്ടാക്കിയ തന്റെ ജൻ അധികാർ പാർട്ടിയെ ഏതാനും ദിവസം മുമ്പ് കോൺഗ്രസിൽ ലയിപ്പിച്ച പപ്പു യാദവിനായി കോൺഗ്രസ് നടത്തുന്ന നീക്കം പോർവിളിയിലെത്തിക്കഴിഞ്ഞു. പൂർണിയയോ മധേപുരയോ ഒരു നിലക്കും പപ്പു യാദവിന് നൽകില്ലെന്ന നിലപാടിലാണ് ആർ.ജെ.ഡി. ആർ.ജെ.ഡിയിൽ തിരികെ പോകാൻ നോക്കിയ പപ്പു യാദവിനെ കയറ്റില്ലെന്ന് ലാലു തീർത്തുപറഞ്ഞതോടെയാണ് കോൺഗ്രസുമായി ലയിച്ചത്.
ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് തുടങ്ങുന്ന ബിഹാറിൽ ഈ തർക്കത്തിനിടെ ആദ്യഘട്ടത്തിലെ നാലു മണ്ഡലങ്ങളിൽ ആർ.ജെ.ഡി സ്ഥാനാർഥികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഔറംഗാബാദിൽ അഭയ് കുശ്വാഹ, ഗയയിൽ സർവജീത് കുമാർ, ജമുയി സീറ്റിൽ അർച്ചന രവിദാസ്, നവാദയിൽ ശ്രാവൺ കുശ്വാഹ എന്നിവരുടെ പേരുകളാണ് പ്രഖ്യാപിച്ചത്.
തൊട്ടുപിന്നാലെ ഔറംഗാബാദിൽ പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് ജയസാധ്യതയില്ലെന്ന് കോൺഗ്രസ് പരസ്യപ്രസ്താവനയിറക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.