കഞ്ചാവ് വിൽപന: ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളുമടക്കം ഒമ്പതു പേർ അറസ്റ്റിൽ
text_fieldsമംഗളൂരു: ഫ്ലാറ്റിൽ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണംചെയ്യുന്ന സംഘത്തിലെ ഒമ്പതു പേരെ മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരും മെഡിക്കല്‍, ഡെന്റൽ വിദ്യാർഥികളും ഉള്‍പ്പെട്ട സംഘത്തിൽ നാലു പേർ വനിതകളാണ്. ഇന്ത്യൻ വംശജനായ വിദേശ പൗരനും ഡെന്റൽ വിദ്യാർഥിയുമായ നീൽ കിഷോറിലാൽ രാംജി ഷാ(38) കഴിഞ്ഞ ഞായറാഴ്ച കഞ്ചാവുമായി പിടിയിലായതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൂട്ട അറസ്റ്റ്.
ഡോ. സമീർ (32), ഡോ. മണിമാരൻ മുത്തു (28), ഡോ. നാദിയ (24), ഡോ. വർഷിനി പ്രതി (26), ഡോ. റിയ ഛദ്ദ (26), ഡോ. ബാനു ഡാഹിയ (27), ഡോ. ക്ഷിതിജ് ഗുപ്ത (26), ഇറ ബാസിൻ (23), മുഹമ്മദ് റഊഫ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ രണ്ടുപേര്‍ മലയാളികളും മറ്റുള്ളവർ തമിഴ്‌നാട്, ആന്ധ്ര, പഞ്ചാബ്, ഡല്‍ഹി സ്വദേശികളുമാണ്.
നാലു യുവതികള്‍ എം.ബി.ബി.എസ്, ബി.ഡി.എസ് അവസാന വർഷ വിദ്യാർഥികളാണ്. അഞ്ചുപേരില്‍ രണ്ടു പേര്‍ മെഡിക്കല്‍ ഓഫിസര്‍മാരും മൂന്നു പേര്‍ എം.ബി.ബി.എസിനും ബി.ഡി.എസിനും പഠിക്കുന്നവരുമാണ്. നഗരത്തിൽ ബണ്ട്സ് ഹോസ്റ്റൽ പരിസരത്തെ ഫ്ലാറ്റിലാണ് കിഷോരിലാൽ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
സിറ്റി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എച്ച്.എം. ശ്യാംസുന്ദറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളുടെ മുറി റെയ്ഡ് ചെയ്യുകയായിരുന്നു. നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ക്കാനാണ് ഫ്ലാറ്റില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടു കിലോ കഞ്ചാവും രണ്ടു മൊബൈല്‍ ഫോണുകളും 7000 രൂപയും പിടിച്ചെടുത്തു.
വിശാഖപട്ടണത്തുനിന്നാണ് പ്രതി കഞ്ചാവ് വാങ്ങിയത്. യു.കെ പൗരനായ നീൽ കിഷോറിലാൽ 15 വര്‍ഷമായി മംഗളൂരുവില്‍ താമസിക്കുന്നുണ്ട്. ഒമ്പതുപേരിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തുവെന്നും ഇവര്‍ കഞ്ചാവ് വിൽപന നടത്തിയതിന് തെളിവുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.