ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ പാടില്ല -ബോംബെ ഹൈകോടതി
text_fieldsമുംബൈ: വിവാഹം എന്നത് സമത്വത്തെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണെന്നും ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കരുതെന്നും ബോംബെ ഹൈകോടതി. ചായ തയാറാക്കാൻ വിസമ്മതിച്ചതിന് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നയാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
'ഭാര്യ ഒരു സ്വകാര്യ വസ്തുവല്ല. സമത്വം അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണ് ദാമ്പത്യം. പലപ്പോഴും അതിൽ നിന്ന് വളരെ അകലെയാണ്. ഇതുപോലുള്ള കേസുകൾ അസാധാരണമല്ല. അത്തരം കേസുകൾ പുരുഷാധിപത്യത്തിന്‍റെ അസന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു' -ജസ്റ്റിസ് രേവതി മോഹിത് ദേരെ ബെഞ്ച് പ്രസ്താവിച്ചു.
ഭാര്യ തന്നെ വീട്ടുജോലികൾ ചെയ്യണമെന്ന് പ്രതീക്ഷിക്കരുതെന്നും കോടതി പറഞ്ഞു. 'ലിംഗഭേദങ്ങളുടെ അസന്തുലിതാവസ്ഥ നിലവിലുണ്ട്. വീട്ടമ്മയെന്ന നിലയിൽ ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' -ജസ്റ്റിസ് മോഹിത് ദേര പറഞ്ഞു.
2013ലാണ് കേസിനാസ്പദമായ സംഭവം. രാവിലെ ചായ നൽകിയില്ലെന്ന് പറഞ്ഞാണ് പ്രതിയായ സന്തോഷ് അത്കാർ (35) ഭാര്യയെ കൊന്നത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി പ്രതി തറ വൃത്തിയാക്കുകയും ഭാര്യയെ കുളിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിനെല്ലാം സാക്ഷിയായ ദമ്പതികളുടെ ആറുവയസുകാരിയായ മകൾ മൊഴി നൽകിയതോടെയാണ് ഇയാൾ കുടുങ്ങിയത്.
ഇതോടെ സ്വയംരക്ഷക്കായി ഭാര്യ ചായ നൽകാത്തതിൽ പ്രകോപിതനായി കൊലപാതകം നടത്തിയതാണെന്ന് പ്രതി വാദിച്ചു. 2016ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ കീഴ്കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. ഈ നടപടിയാണ് ഹൈകോടതി ശരിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.