മതാടിസ്ഥാനത്തിൽ സംവരണം നൽകാനാവില്ല - സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നൽകാനാവില്ലെന്ന് സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. 77 സമുദായങ്ങളെ ഒ.ബി.സി പട്ടികയില്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈകോടതിയുടെ വിധി ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട സമുദായങ്ങളാണ് ഒ.ബി.സി പട്ടികയില്‍പ്പെടുത്തിയതില്‍ ഭൂരിപക്ഷവും. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് സമുദായങ്ങളുടെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് സംവരണം അനുവദിച്ചതെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഇരുപത്തിയെട്ട് ശതമാനമാണ് ന്യൂനപക്ഷ ജനസംഖ്യയെന്നും അദ്ദേഹം വ്യക്തമാക്കി.
രംഗനാഥ് കമ്മീഷന്‍ മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണം ശുപാര്‍ശ ചെയ്തിരുന്നു. ഹിന്ദു മതത്തിലെ 66 സമുദായങ്ങളെ പിന്നോക്ക വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍ക്ക് സംവരണത്തിന് എന്ത് ചെയ്യണം എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, പിന്നാക്ക കമ്മീഷന്‍ ദൗത്യം ഏറ്റെടുക്കുകയും മുസ്ലിംകള്‍ക്കുള്ളിലെ 76 സമുദായങ്ങളെ പിന്നാക്ക വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്തു. അതില്‍ വലിയൊരു വിഭാഗം സമുദായങ്ങള്‍ ഇതിനകം തന്നെ കേന്ദ്ര പട്ടികയിലുണ്ട്. മറ്റു ചിലര്‍ മണ്ഡല്‍ കമ്മിഷന്റെ ഭാഗമാണ്.
ഉപവര്‍ഗീകരണ വിഷയം വന്നപ്പോള്‍ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് പിന്നാക്ക കമ്മീഷനാണ്. മുസ്ലീങ്ങള്‍ക്കുള്ള നാലു ശതമാനം സംവരണം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈകോടതിയുടെ വിധിയെ ആശ്രയിച്ചാണ് കൊല്‍ക്കത്ത ഹൈകോടതി ഒ.ബി.സി പട്ടിക റദ്ദാക്കിയതെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. ആന്ധ്ര ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും കപിൽ സിബല്‍ ചൂണ്ടിക്കാട്ടി.
സര്‍വേയോ ഡാറ്റയോ ഒന്നുമില്ലാതെയാണ് ഈ സമുദായങ്ങള്‍ക്ക് സംവരണം നല്‍കിയതെന്ന് സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 2010ല്‍ അന്നത്തെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ, കമ്മീഷനുമായി കൂടിയാലോചിക്കുക പോലും ചെയ്യാതെ 77 സമുദായങ്ങള്‍ക്ക് സംവരണം നല്‍കിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ് പട്വാലിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.