വോട്ടുയന്ത്രത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് അധികൃതർ
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രത്തിന്റെയും വിവിപാറ്റ് യന്ത്രത്തിന്റെയും ഘടകങ്ങളുടെ നിർമാതാക്കൾ ആരെന്ന് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താതെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും. വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(ഡി) പ്രകാരം സ്വകാര്യത നിലനിർത്തേണ്ടതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് മറുപടി. വോട്ടുയന്ത്രത്തിന്റെയും വിവിപാറ്റ് യന്ത്രത്തിന്റെയും വിവിധ ഘടകങ്ങളുടെ നിർമാതാക്കളുടെയും വിതരണക്കാരുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് വെങ്കിടേഷ് നായക് നൽകിയ വിവരാവകാശ അപേക്ഷക്കാണ് മറുപടി നൽകിയത്. ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഒരേ മറുപടിയാണ് നൽകിയത്. പർച്ചേസ് ഓർഡറുകളുടെ പകർപ്പും കൈമാറിയില്ല. പർച്ചേസ് ഓർഡറുകളുടെ വിവരങ്ങൾ വിലപ്പെട്ടതാണെന്നും മറുപടിയിൽ പറയുന്നു.
വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(ഡി) പ്രകാരം വ്യാപാര രഹസ്യങ്ങൾ അല്ലെങ്കിൽ ബൗദ്ധിക സ്വത്ത് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ ഇളവുണ്ട്. നൂറുകോടിയോളമുള്ള വോട്ടർമാരുടെ വിവരങ്ങൾ തേടിയപ്പോൾ ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് പരാതിക്കാരനായ വെങ്കടേഷ് നായക് ചോദിച്ചു. വിവരാവകാശ ഓൺലൈൻ പോർട്ടലിൽ മറുപടിയുടെ ഒപ്പിട്ട കോപ്പിപോലും ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ അപ്ലോഡ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.