'അപമാനം സഹിച്ച് തുടരാനാവില്ല'; മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെച്ചേക്കും
text_fieldsന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവെച്ചേക്കും. കോൺഗ്രസ് അധ്യക്ഷ േസാണിയ ഗാന്ധിയുമായി അമരീന്ദർ കൂടിക്കാഴ്ച നടത്തിയിരുന്നു. 'ഇത്രയും അപമാനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരാനാവില്ല' എന്ന് സോണിയയെ അമരീന്ദർ അറിയിച്ചതായാണ് വിവരം. അതേസമയം, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനിൽക്കാൻ അമരീന്ദറിനോട് ഹൈക്കമാൻഡ് നിർദേശിച്ചതായാണ് സൂചന.
അമരീന്ദറിന്‍റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എം.എൽ.എമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. ശനിയാഴ്ച വൈകിട്ട് കോൺഗ്രസ് എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നിർണായക നിയമസഭ കക്ഷി യോഗത്തിൽ അമരീന്ദറിന്‍റെ രാജിയുമായി ബന്ധെപ്പട്ട് തീരുമാനമുണ്ടാകുമെന്നാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ സംസ്ഥാനത്ത് ശക്തമായ നേതൃത്വ മാറ്റത്തിനും ഈ യോഗം കാരണമായേക്കും.
'ഇത്തരത്തിലുള്ള അപമാനം സഹിച്ച് മതിയായി, മൂന്നാം തവണയാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അപമാനങ്ങൾ സഹിച്ച് ഇനിയും പാർട്ടിയിൽ തുടരാനാകില്ല' -അമരീന്ദർ സോണിയയെ അറിയിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
നിരവധി എം.എൽ.എമാർ അമരീന്ദറിന്‍റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. പുതിയ നേതൃത്വം സംസ്ഥാനത്ത് വേണമെന്നാണ് ആവശ്യം. കൂടാതെ നവ്ജ്യോത് സിങ് സിദ്ദുവും അമരീന്ദറിനെതിരെ പടയൊരുക്കം നടത്തിയിരുന്നു.
സുനിൽ ജാക്കർ, മുൻ പഞ്ചാബ് കോൺഗ്രസ് തലവൻ പ്രതാപ് സിങ് ബജ്വ, രവ്നീത് സിങ് ബിട്ടു തുടങ്ങിയ പേരുകളാണ് പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.