നിങ്ങൾ ഇങ്ങനെ വ്യാജ വിഡിയോകൾ ഉണ്ടാക്കിയാൽ ഞങ്ങൾ എന്തുചെയ്യാനാണ്? -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: തമിഴ്നാടിനെപ്പോലൊരു ഒരു സുസ്ഥിര സംസ്ഥാനത്ത് ഇതുപോലെ അശാന്തി വിതക്കാനാവില്ല എന്ന മുന്നറിയിപ്പോടെ തമിഴ്നാട്ടിൽ ബിഹാറികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വിദ്വേഷ വിഡിയോ ഉണ്ടാക്കിയ യൂ ടൂബർ മനീഷ് കശ്യപിന്റെ ഹരജി സുപ്രീംകോടതി തള്ളി.
വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് തമിഴ്നാട്ടിലും ബിഹാറിലും തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ ഒന്നാക്കി തന്റെ സംസ്ഥാനമായ ബിഹാറിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മനീഷ് കശ്യപ് സമർപ്പിച്ച ഹരജിയാണ് തള്ളിയത്. മനീഷിനെതിരെ ദേശസുരക്ഷ നിയമവും ചുമത്തിയിട്ടുണ്ട്. ഹരജി പരിഗണിച്ചപ്പോൾ മനീഷ് കശ്യപ് ഇങ്ങനെ വ്യാജ വിഡിയോകൾ ഉണ്ടാക്കിയാൽ ഞങ്ങൾ എന്തുചെയ്യാനാണ് എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. തമിഴ്നാട്ടിൽ അശാന്തി സൃഷ്ടിക്കുന്ന എന്തും പ്രചരിപ്പിക്കുകയായിരുന്നു കശ്യപ് എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.
ചില മുഖ്യധാരാ മാധ്യമങ്ങളിൽവന്ന വാർത്തയെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ വിഡിയോകളാണ് അവയെന്നും അതിനാൽ ആ വാർത്ത നൽകിയ മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്ത് എൻ.എസ്.എ ചുമത്തണമെന്നും കശ്യപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് വാദിച്ചുവെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. മനീഷ് കശ്യപിനെതിരായ 19 കേസുകളിൽ തമിഴ്നാട്ടിലേത് പട്നയിലേക്ക് മാറ്റാമെന്ന് ചീഫ് ജസ്റ്റിസ് ആദ്യം അഭിപ്രായപ്പെട്ടുവെങ്കിലും തമിഴനാടിന് വേണ്ടി ഹാജരായ കപിൽ സിബൽ ശക്തമായ എതിർത്തു.
മനീഷ് കശ്യപ് മാധ്യമപ്രവർത്തകനല്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയക്കാരനാണെന്നും സിബൽ വാദിച്ചു. ബിഹാറിലെ മൂന്ന് കേസുകൾ വ്യത്യസ്തമാണെന്ന് ബിഹാറിന്റെ അഭിഭാഷകനും വാദിച്ചു. ബഹാറി കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെടുന്നുവെന്ന തരത്തിൽ പട്ന നഗരത്തിൽ ഒരു വ്യാജ വിഡിയോ ഷൂട്ട് ചെയ്ത് തമിഴ്നാട്ടിലുള്ള കുടിയേറ്റ തൊഴിലാളികളുടേതെന്ന വ്യാജേന അഭിമുഖവുമുണ്ടാക്കിയതിനാണ് പട്നയിലെ കേസെന്ന് ബിഹാർ സർക്കാറും ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.