ഉഷയോട് ബഹുമാനമുണ്ട് പക്ഷേ... മറുപടിയുമായി സാക്ഷി മാലിക്
text_fieldsന്യൂഡൽഹി: ജന്തർമന്ദിറിൽ സമരം നടത്തുന്ന ഗുസ്തിതാരങ്ങൾക്കെതിരായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയുടെ പ്രസ്താവനക്ക് മറുപടിയുമായി ഗുസ്തിതാരം സാക്ഷി മാലിക്. പി.ടി ഉഷയോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്. എന്നാൽ, അവരോട് ഒന്ന് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ബലാത്സംഗ പരാതി ഉന്നയിച്ച് ഞങ്ങൾ രംഗത്തെത്തി. ഞങ്ങൾക്ക് പ്രതിഷേധിക്കാനും ആവില്ലേ. സമാധാനപരമായാണ് പ്രതിഷേധം മുന്നോട്ട് പോകുന്നതെന്നും സാക്ഷിമാലിക് പറഞ്ഞു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കമ്മിറ്റിയിൽ ഞങ്ങൾ മൊഴി നൽകി. അവർ നടപടിയെടുക്കുമെന്ന് പറഞ്ഞു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ലെന്നും സാക്ഷിമാലിക് കുറ്റപ്പെടുത്തി. ലൈംഗിക പീഡനകേസിൽ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ പ്രതിഷേധിക്കുന്ന വനിത ഗുസ്തിതാരങ്ങളെ അപമാനിക്കുന്ന പ്രസ്താവനയുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ രംഗത്തെത്തിയിരുന്നു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് പി.ടി. ഉഷ പറഞ്ഞു. സമരം ചെയ്യുന്നതിന് പകരം താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും പി.ടി. ഉഷ വ്യക്തമാക്കി. ഗുസ്തി താരങ്ങളുടെ ഡൽഹി ജന്തർ മന്ദിറിലെ രാപ്പകൽ സമരം അഞ്ചാം ദിവസവും തുടരുകയാണ്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷനെതിരായ ലൈംഗിക പരാതിയിൽ പൊലീസ് നടപടി എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ഗുസ്തി താരങ്ങൾ. സമരത്തിന് പിന്തുണയുമായി ഡൽഹി ജന്തർ മന്ദിറിലേക്ക് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ഒഴുകിയെത്തുകയാണ്. ഇതിനിടെയാണ് സമരത്തിനെതിരെ പ്രസ്താവനയുമായി പി.ടി. ഉഷ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.