ക്യാപ്റ്റൻ പ്രഞ്ജലിന് വിടയേകി നാട്
text_fieldsബംഗളൂരു: ജമ്മു-കശ്മീരിലെ രജൗരിയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ എം.വി. പ്രഞ്ജലിന് നാട് വിടനൽകി. ആനേക്കൽ താലൂക്കിലെ ജിഗനിയിലെ വസതിയിലേക്കുള്ള അന്ത്യയാത്രക്ക് ആയിരങ്ങൾ ഒഴുകിയെത്തി. കുട്ലു ഗേറ്റ് ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.
വെള്ളിയാഴ്ച രാത്രിയാണ് ക്യാപ്റ്റൻ പ്രഞ്ജലിന്റെ ഭൗതികശരീരം സൈനിക വിമാനത്തിൽ ബംഗളൂരു എച്ച്.എ.എൽ വിമാനത്താവളത്തിൽ എത്തിച്ചത്. ഗവർണർ താവർചന്ദ് ഗഹ്ലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി പ്രമുഖർ വിമാനത്താവളത്തിൽ അദ്ദേഹത്തിന് സല്യൂട്ട് അർപ്പിച്ചു. പ്രഞ്ജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി 50 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.
വിമാനത്താവളത്തിൽനിന്ന് ജിഗനിയിലേക്കുള്ള യാത്രക്കിടെ റോഡിനിരുവശവും ജനങ്ങൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. ശനിയാഴ്ച ഉച്ചക്ക് ശേഷം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. മൈസൂരു സ്വദേശിയായ ക്യാപ്റ്റൻ പ്രഞ്ജൽ 63 രാഷ്ട്രീയ റൈഫിൾസ് അംഗമാണ്. പിതാവ് എം. വെങ്കടേശ് മാംഗ്ലൂർ റിഫെനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ഡയറക്ടറായി വിരമിച്ചയാളാണ്. ദക്ഷിണ കന്നഡയിലെ സൂറത്കലിൽ സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്ന് പ്രഞ്ജൽ എൻജിനീയറിങ് ബിരുദം നേടി. അതിഥി ജി. മുദ്ദെബിഹാൽകറാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.