പിടിച്ചു വാങ്ങി, ജയിക്കാതെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: മഹാസഖ്യത്തിൽനിന്ന് കൂടുതൽ സീറ്റ് പിടിച്ചു വാങ്ങിയതിനൊടുവിൽ, തോൽവി ഇരന്നു വാങ്ങിയ മട്ടിൽ കോൺഗ്രസ്. മത്സരിച്ചതിെൻറ മൂന്നിലൊന്നു സീറ്റിൽപോലും ജയിക്കാൻ കോൺഗ്രസിനു സാധിച്ചില്ല. കഴിഞ്ഞ തവണത്തെ സീറ്റെണ്ണം നിലനിർത്താനും കഴിഞ്ഞില്ല.
കഴിഞ്ഞ തവണ മത്സരിച്ചത് 40 സീറ്റിൽ. ജയിച്ചത് 27ൽ. ഇത്തവണ 70 സീറ്റ് വേണമെന്ന പിടിവാശിക്കു മുമ്പിൽ ആർ.ജെ.ഡി വഴങ്ങി. എന്നാൽ അതിനു ശേഷം സംഭവിച്ചത് മറ്റൊന്നാണ്. പല സീറ്റിലും ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻപോലും കോൺഗ്രസിനു കഴിഞ്ഞില്ല. വേരോട്ടം വേണ്ടത്രയില്ലാത്ത പല മണ്ഡലങ്ങളിലും ബൂത്തിലിരുത്താൻ പോലും ആളെ കൊടുക്കാനായില്ല.
കൂടുതൽ സീറ്റു കിട്ടുമെങ്കിൽ മാത്രം മഹാസഖ്യത്തിൽ നിൽക്കുമെന്ന് പ്രഖ്യാപിച്ച ഉപേന്ദ്ര കുശ്വാഹയെപ്പോലുള്ള കക്ഷികൾ, മതിയായ സീറ്റു കിട്ടാത്തത് ഇറങ്ങിപ്പോകാനുള്ള അവസരമാക്കി. സീറ്റു വിട്ടുവീഴ്ചകൾ ആർ.ജെ.ഡിയുടെ ക്വോട്ടയിൽനിന്ന് നൽകണമെന്ന കാഴ്ചപ്പാടായിരുന്നു മറ്റു സഖ്യകക്ഷികൾക്ക്.
ന്യൂനപക്ഷ സ്വാധീന മേഖലകളിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും മറ്റും സ്വന്തംനിലക്ക് സ്ഥാനാർഥികളെ നിർത്തിയത് കോൺഗ്രസിെൻറ സീറ്റു ചോർച്ചക്ക് ഒരു കാരണമായി. സീമാഞ്ചൽ മേഖലയിലും മറ്റും അവർ മുന്നേറ്റമുണ്ടാക്കിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥികൾ പിന്നാക്കം പോയെന്നാണ് ഫലപ്രവണത വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.