ആക്രമിക്കപ്പെട്ട 'കാരവന്' റിപ്പോര്‍ട്ടര്‍മാരുടെ വൈദ്യപരിശോധന നടത്താതെ പൊലീസ്
text_fieldsന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആക്രമണത്തിനിരയായ 'കാരവന്' റിപ്പോര്‍ട്ടർമാര്‍ക്ക് വൈദ്യപരിശോധന നടത്താൻ പൊലീസ് തയാറായില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഡല്‍ഹിയില്‍ അരങ്ങേറുന്നത് നിയമവാഴ്ചയെ തകര്‍ക്കുന്ന സംഭവവികാസങ്ങളാണെന്നും ഇനിയും എഴുന്നേറ്റ് നിന്നില്ലെങ്കില്‍ രാജ്യത്ത് നിയമവാഴ്ച തന്നെ അപ്രത്യക്ഷമാകുമെന്നും പ്രശാന്ത് ഭൂഷണും മുന്നറിയിപ്പ് നല്കി. ന്യൂഡല്‍ഹി പ്രസ് ക്ലബില്‍ വ്യാഴാഴ്ച വൈകീട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍, തങ്ങള്‍ക്കുണ്ടായ ദുരനുഭവം ആക്രമിക്കപ്പെട്ട റിപ്പോര്‍ട്ടര്‍മാര്‍ വിവരിച്ചു.
ആക്രമണത്തിനെതിരെ ഭജന്‍പുര പൊലീസില്‍ നല്കിയ പരാതിയില്‍ മെഡിക്കോ ലീഗല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് നിര്‍ണായകമായിട്ടും വൈദ്യ പരിശോധന നടത്താന്‍ തയാറായില്ലെന്ന് ശാഹിദ് തന്ത്രേ പറഞ്ഞു. അത് നിങ്ങളുടെ ഇഷ്ടമാണെന്നാണ് പൊലീസ് പറഞ്ഞത്. ബി.ജെ.പി നേതാവാണെന്ന് പരിചയപ്പെടുത്തിയയാള്‍ ഫോണില്‍ അക്രമികളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മായ്ച്ചുകളയണമെന്ന് ആവശ്യപ്പെട്ടു. കട്ട്വാ മുസല്മാന് എന്ന് വിളിച്ചുകൊണ്ടായിരുന്നു ഇത്. അക്രമികളോടൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയാണ് കാമറ പിടിച്ചുവലിക്കാന്‍ ശ്രമിച്ചതെന്നും ശാഹിദ് പറഞ്ഞു.
അക്രമികള്‍ക്കൊപ്പം പൊലീസ് ചേര്‍ന്ന ആക്രമണമായിരുന്നു വടക്കുകിഴക്കന്‍ ഡല്‍ഹിയിലെന്നും അത് അന്വേഷിക്കാനാണ് 'കാരവന്' റിപ്പോര്‍ട്ടര്‍മാര്‍ പോയതെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു. ജനങ്ങളെ അടിക്കുകയും അവര്‍ക്കുനേരെ കല്ലേറ് നടത്തുകയും സി.സി.ടി.വി കാമറകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത അതേ പൊലീസാണ് ഇപ്പോള്‍ ഡല്‍ഹി വംശഹത്യയിലെ ഗൂഢാലോചന അന്വേഷിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ് കുറ്റപ്പെടുത്തി. ഡല്‍ഹി സര്‍ക്കാര്‍ സംഭവത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.