ട്രെയിനുകളിൽ കൂടുതൽ ലഗേജ്; യാത്രക്കാർക്ക് മുന്നറിയിപ്പുമായി റെയിൽവേ
text_fieldsന്യൂഡൽഹി: ട്രെയിനിൽ യാത്രക്കാർ കൂടുതൽ ലഗേജുകൾ കൊണ്ടുപോകുന്നതിനെതിരെ റെയിൽവേ മന്ത്രാലയം. ഇനിമുതൽ കൂടുതൽ ലഗേജുകൾ കൊണ്ടു പോകുന്നത് യാത്രക്കാർക്ക് കൂടുതൽ ചെലവ് വരുത്തുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി.
ലഗേജ് അധികമായാൽ പാർസൽ ഓഫിസിൽ പോയി ലഗേജ് ബുക്ക് ചെയ്യണം. അധിക ലഗേജുകൾ കയറ്റുന്നതിനും ഇറക്കുന്നതിനും കൂടുതൽ സമയമെടുക്കുന്നു എന്നതിനാലാണ് ഈ തീരുമാനം. അധിക ലഗേജുമായി ആരെങ്കിലും യാത്ര ചെയ്യുന്നതായി കണ്ടാൽ യാത്രാ ദൂരമനുസരിച്ച് ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അടുത്ത കാലത്തായി ചെയിൻ വലിക്കുന്ന സംഭവങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. സഹയാത്രികർക്കുണ്ടാകുന്ന അസൗകര്യത്തെ കുറിച്ച് എല്ലാവരും ഓർക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ലഗേജ് കൊണ്ടുപോകുന്നതിന് പരിധിയുണ്ടെങ്കിലും പലരും ധാരാളം ലഗേജുമായാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു. വിമാനത്തിനേക്കാൾ കൂടുതൽ ലഗേജുമായി ട്രെയിനിൽ യാത്ര ചെയ്യാമെന്നതിനാൽ രാജ്യത്തെ ദീർഘദൂര യാത്രക്കാർക്ക് എന്നും ആശ്രയിക്കാവുന്ന മികച്ച യാത്ര മാർഗമാണ് ട്രെയിൻ.
അധിക ലഗേജുമായി ട്രെയിനിൽ യാത്ര ചെയ്യരുതെന്ന് റെയിൽവേ മന്ത്രാലയം മേയ് 29ന് ട്വീറ്റ് ചെയ്തിരുന്നു. ലഗേജ് കൂടുതലാണെങ്കിൽ യാത്രയുടെ ആസ്വാദനം പകുതിയാകുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. അതിനാൽ കൂടുതൽ ലഗേജുമായി ട്രെയിനിൽ യാത്ര ചെയ്യരുത്. ലഗേജ് അധികമായാൽ പാർസൽ ഓഫിസിൽ പോയി ലഗേജ് ബുക്ക് ചെയ്യുക എന്ന് മന്ത്രാലയം യാത്രക്കാരോട് നിർദേശിച്ചു. റെയിൽവേയുടെ നിലവിലുള്ള നിയമമനുസരിച്ച് ട്രെയിൻ യാത്രയിൽ 40 മുതൽ 70 കിലോഗ്രാം വരെ ലഗേജ് മാത്രമേ യാത്രക്കാർക്ക് കൊണ്ടുപോകാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.